Wednesday, March 10, 2010

അവൾ എന്റെ സ്നേഹിത

sindhu s


അന്ന്‌ നല്ല മഞ്ഞുണ്ടായിരുന്നു. ഉറക്കച്ചടവോടെ എത്തിയ പുലരി കണ്ണുതുറക്കാൻ മടിച്ചുനിന്നു. മഞ്ഞുപാളിയെ വകഞ്ഞുമാറ്റിയാണ്‌ അവൾ പടിപ്പുര കടന്നുവന്നത്‌. ആ ബാല്യകാലത്തിന്റെ ഓർമ്മ ഇന്നും എന്നിൽ നൊമ്പരമായി അവശേഷിക്കുന്നു. അവളെ കാണാനെത്തിയ ആൾക്കൂട്ടത്തിനു നടുവിൽ അവൾ മൂകയായിരുന്നുവേങ്കിലും എനിക്കവളോട്‌ വെറുപ്പ്‌ തോന്നി.
എന്നാൽ ഇന്ന്‌ എന്റെ കൗമാരസ്വപ്നങ്ങൾക്ക്‌ നിറങ്ങൾ കൈവന്നപ്പോൾ ഞാൻ മനസ്സിലാക്കി അവളെ പിരിയാൻ എനിക്കാവില്ലെന്ന്‌. എന്നിൽ മറഞ്ഞിരുന്ന്‌ എന്നെ നോക്കുന്ന അവളെ ഞാൻ എന്നു മുതലാണ്‌ സ്നേഹിക്കാൻ തുടങ്ങിയത്‌.
ഒരു പക്ഷേ....ഇന്ന്‌ ഞാൻ എന്നേക്കാൾ സ്നേഹിക്കുന്നത്‌ അവളെയാണ്‌. ഒരു നേർത്ത സംഗീതം പോലെ, സംഗീതത്തിന്റെ മാസ്മരികതയിൽ അകപ്പെടുന്ന നിദ്രപോലെ അവളിൽ അലിഞ്ഞുചേരാൻ എത്ര നാളുകളായി ഞാൻ കൊതിക്കുന്നു. ജീവിതമാകുന്ന പ്രഹേളികയ്ക്കു മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴെല്ലാം ഒരു സാന്ത്വനമായി അവൾ എത്തുമെന്ന്‌ വെറുതെയാണെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്റെ പ്രതീക്ഷകൾ തെറ്റുകയായിരുന്നു. അല്ലെങ്കിൽ തന്നെ പ്രതീക്ഷകൾക്ക്‌ എന്റെ ജീവിതത്തിൽ എന്ത്‌ പ്രസക്തിയാണുള്ളത്‌.
ലോകത്തുനിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ആത്മാർത്ഥത അവളും ആഗ്രഹിക്കുന്നില്ലെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ സ്നേഹിക്കുന്നവരിൽ നിന്നും അവൾ ദൂരേക്ക്‌ പോകുന്നത്‌. വെറുക്കപ്പെടുന്നവരുടെ കൂടെയാകട്ടെ ഒരു നിഴൽപോലെ അവരുടെ ശാപവചനങ്ങളും മുറുമുറുപ്പുകളും സഹിച്ച്‌ മൂകയായി അവൾ നടക്കും. കാണാൻ രൂപമോ കേൾക്കാൻ ശബ്ദമോ ഇല്ലാത്ത അവളെ എന്തിനാണ്‌ ലോകം ഭയക്കുന്നത്‌.
ജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകാന്തത്തയിലിരിക്കുമ്പോൾ പതിഞ്ഞ കാൽവയ്പുകളുമായി എന്റെ അരികിലെത്താറുള്ള അവൾ എത്ര പെട്ടെന്നാണ്‌ എന്റെ സ്നേഹിതയായി മാറിയത്‌. എനിക്ക്‌ പറയുവാനുള്ളത്‌ ക്ഷമയോടെ കേൾക്കാനും എന്റെ കണ്ണുനീരിൽ പങ്കുചേരാനും അവൾ സമയം കണ്ടെത്തിയിരുന്നു. ഞാനെന്റെ കണ്ണുനീർ തുടച്ച്‌ ഒരു നെടുവീർപ്പോടെ നോക്കിയപ്പോൾ അവളുടെ കൺകോണുകളിലും ചുമപ്പുരാശി പടർന്നിരുന്നോ? വീഴാൻ വെമ്പി നിൽക്കുന്ന കണ്ണുനീർത്തുള്ളി ഞാൻ കാണാതിരിക്കാൻ വേണ്ടിയാവണം അവൾ മുഖം തിരിച്ചതു.
അന്ന്‌ അവൾ കൂടുതൽ മനോഹരിയായിരുന്നു. അതോ നിലാവുള്ള ആ രാത്രി അവളെ മനോഹരിയാക്കിയതാണോ. അന്നത്തെ രാത്രിയുടെ മനോഹാരിത എത്ര പെട്ടെന്നാണ്‌ അവസാനിച്ചതു. രാത്രിയുടെ മറവ്‌ പറ്റിയെത്തിയ വിഷപ്പാമ്പുകൾ എന്നെ ആഞ്ഞു കൊത്തിയപ്പോൾ ജീവിതത്തെ ഞാൻ ഒരുപാടു സ്നേഹിച്ചിരുന്നുവേന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടു. അന്നവളെന്നെ മാടിവിളിച്ചപ്പോൾ എല്ലാം മറന്ന്‌ അവളിൽ ലയിക്കാൻ ഞാനാഗ്രഹിച്ചു. അവളെ മുറുകെപ്പുണർന്നപ്പോൾ ഞാൻ അണയ്ക്കുന്നുണ്ടായിരുന്നു. എപ്പോഴോ ഞാനറിഞ്ഞു ഒരു മരവിപ്പ്‌ എന്റെ ശരീരത്തിലുടനീളം വ്യാപിക്കുന്നത്‌. അവളിൽ നിന്നും ആരോ എന്നെ പിടിച്ചുമാറ്റുന്നു.
ഇത്രയുമായപ്പോഴേക്കും എന്റെ ചിന്തകൾക്ക്‌ ഭ്രാന്തുപിടിച്ചു. എല്ലാറ്റിനേയും അവഗണിച്ച്‌ ഞാൻ ഓടി. ഈ ലോകത്തിന്റെ അറ്റംവരെ പോകാനാഗ്രഹിച്ച എന്റെ മനസ്സും ശരീരവും ഒരുപോലെ തളർന്നു. പിന്നിട്ട വഴികളിലേക്ക്‌ ഞാൻ തിരിഞ്ഞു നോക്കി. ഇരുട്ടിനെ കീറിമുറിക്കുന്ന നിലാവിന്റെ പുഞ്ചിരിയുമായി അപ്പോഴും അവൾ എന്നോടൊപ്പമുണ്ടായിരുന്നു.
എനിക്ക്‌ ലോകത്തോട്‌ വിളിച്ചുപറയണമെന്നുണ്ടായിരുന്നു ഞാൻ തനിച്ചല്ലെന്ന്‌ 'അവൾ എന്റെ സ്നേഹിത' എന്നോടൊപ്പമുണ്ടെന്ന്‌. പാപഭാരവുംപേറി കാലത്തിന്റെ പടികളിറങ്ങുമ്പോഴും അവൾ മൂകയായിരുന്നു. ആരോടും ഒരു പരാതിയും പറയാതെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, വെയിലും മഴയും വകവയ്ക്കാതെ പതിഞ്ഞ കാൽവയ്പുകളോടെ അവൾ നടന്നു മറയുന്നത്‌ ഞാൻ വേദനയോടെ കണ്ടു. അവളെ തിരിച്ചുവിളിക്കാൻ ശ്രമിച്ചുവേങ്കിലും എന്റെ ശബ്ദം എനിക്കുനഷ്ടപ്പെട്ടിരുന്നു.