Friday, March 12, 2010

പർവ്വീൺ ബാബിക്ക്‌ *


venu v desam
നിറയെപ്പച്ചപ്പക്ഷികാളാർക്കും
യക്ഷിക്കഥയിലെ രാജകുമാരീ,
കാതരമൊരു നാളംപോൽ നീയെൻ
കാമനകളിൽ നിന്നാളുന്നു.

നിൻനയനങ്ങളിൽ വിങ്ങും മധുമയ
സ്വപ്നവിമോഹകമാമാലസ്യം
പകരുയാമെന്നാത്മാവിൻ
കുമ്പിളിലേക്കൊരു ഗാനം

അലയുന്നു ഞാനതിലൂടെന്നിലെ
യപരിചിതനാനന്ദം തേടി
ആന്തരമെന്നാത്യന്തികതയി-
ലാണോ സ്വരവരോഹം
പ്രിയതേ, നീയേകാകിതയുടെ
കിന്നരി ചൂടിയിരുന്നു
ഉൾമുറിവിൽ സ്വപ്നം തേച്ചു
മിനുക്കി നടന്നു നീ
ഒളികണ്ണെറിയുന്നുണ്ടിപ്പോഴുമാ
ക്ഷണഭംഗുരദീപ്തി

നിഴൽ മൂടിയ മൗനത്തിൽ നി-
ന്നിടറീ നിൻ നക്ഷത്രങ്ങൾ.
തരിശെൻ ഹൃദയത്തിൽ കേൾക്കാ-
മനവരതം ആ കണ്ണീരൊച്ച.
*എഴുപതുകളിലെ ഹിന്ദി താരറാണി. പിന്നീട്‌ ആത്മഹത്യയനുഷ്ഠിച്ചു.