Wednesday, March 10, 2010

പ്രണയം നിറച്ച പുസ്തകം


rajesh nandiyamkode


മഴയിലേക്ക്‌
വർത്തമാനങ്ങൾ
എറിഞ്ഞ്പോയവർ
കുടയില്ലാ ബാല്യത്തെ
ഓർമ്മിപ്പിച്ചു.
ഇതുവരേയും
വേരുപിടിച്ചിട്ടില്ലാത്ത
ഒട്ടുമാവിൻ തൈപോലെ
പ്രണയം, പ്രതീക്ഷ.
ആകാശം
വളരെഅടുത്ത്‌ വരുമ്പോൾ
അകന്നകന്ന്‌ പോയ
മേഘം പോലെ
കിനാവുകൾ
എത്രമേൽഅടുക്കുന്നു,
അത്രത്തോളം
അകലാമെന്നൊരു
എസ്‌.എം.എസ്സ്‌ മൊബെയിലിൽ വന്ന്‌ കിടപ്പുണ്ട്‌.
ബാല്യവും
കൗമാരവും
യൗവ്വനവും
ഇട്ടെറിഞ്ഞപോയൊരാൾ
ഞാനായിരിക്കുമെന്ന്‌
അവൾ പറയുന്നതിനുമുൻപേ
ഞാൻ മനസ്സിലാക്കുന്നു
പണ്ടെന്നോ
നിറച്ചെഴുതിയൊരു
നോട്ടുബുക്കിൽ
എന്നെത്തന്നെ
തിരയുന്നൊരാളാണിപ്പോൾ
ഞാനും
എന്റെ പ്രണയവും