Wednesday, March 10, 2010

തൃപ്പൂണിത്തുറയ്ക്ക്‌ നഷ്ടങ്ങൾ മാത്രം!


prabhullan tripunithura

ഏറ്റവുമൊടുവിൽ 30.01.2010ൽ തൃപ്പൂണിത്തുറയ്ക്ക്‌ ഒരു ഷോപ്പിംഗ്‌ കോമ്പ്ലക്സും കൂടി സ്വന്തമായി. രാജ്യത്തിനു തൃപ്പൂണിത്തുറയുടെ സംഭാവനയായ മുൻ സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നാമധേയം പേറിക്കൊണ്ടാണ്‌ അതിന്റെ ജന്മമെന്നത്‌ ചാരിതാർത്ഥജനകം. പക്ഷേ, കോട്ടവാതിൽ നകേറപ്പുര, കുതിരലായം എന്നീ പൈതൃകസ്മാരകങ്ങളിലെ ഏറ്റവുംമൊടുവിലത്തെ കഷണം കൂടി ചരിത്രത്തിൽ നിന്നും ഇതോടെ നിഷ്കാസിത
നായി! രാജഭരണത്തിനുശേഷവും അവിടെ കുതിരയും കുതിരലായവും കുറച്ചുനാൾ കൂടി നിലനിന്നിരുന്നു. തലയും വാൽഭാഗവും ചലിപ്പിച്ചുകൊണ്ട്‌ കുതിരകൾ മുതിരതിന്നുന്നതും അയവിറക്കുന്നതുമൊക്കെ വഴിപോക്കർ നോക്കി നിൽക്കുമായിരുന്നു. കുതിരാലയത്തിന്റെ പേരിലാണ്‌ സ്റ്റാച്യു മുതൽ ചക്കംകുളങ്ങരക്ഷേത്രംവരെയുള്ള റോഡ്‌ ഇന്നും അറിയപ്പെടുന്നത്‌- "ലായം റോഡ്‌!" ഇനിയിപ്പോൾ കോൺക്രീറ്റുകൂടാരറോഡെന്നു" ലായം റോഡിന്റെ പേരുമാറ്റേണ്ടിവരും.
ഈ അവസരത്തിൽ തൃപ്പൂണിത്തുറയ്ക്കു എന്തെല്ലാം നഷ്ടമായി എന്നു ചിന്തിക്കുന്നത്‌ രാജ്യസ്നേഹമുള്ളവർക്ക്‌ സന്ദർഭോചിതം.
തൃപ്പൂണിത്തുറക്കാരുടെ ഏറ്റവും വലിയ നഷ്ടം ആസാദുമൈതാനം ഇല്ലാതായപ്പോഴാണുണ്ടായത്‌. തൃപ്പൂണിത്തുറക്കാർക്കും പരിസരവാസികൾക്കും കുടിനീർ നൽകുന്നതിനായി ഏഷ്യയിലെ ഏറ്റവും വലിയ ജലസംഭരണിയ്ക്കു വേണ്ടിയാണല്ലോ ആസാദുമൈതാനം വഴിമാറിക്കൊടുത്തത്‌. എന്നു നിഷ്കളങ്കരായ തദ്ദേശവാസികൾ സമാധാനിച്ചു. ആസാദെന്ന മഹാഭാഗ്യം നഷ്ടപ്പെടുത്താതെതന്നെ ജലസംഭരണിയ്ക്കാവശ്യമായ സ്ഥലം അന്നൊക്കെ ചുരുങ്ങിയ വിലയ്ക്ക്‌ എരൂരിലും നടമയിലുമൊക്കെ ലഭ്യമായിരുന്നുവേന്നത്‌ സത്യം മാത്രം. ഇക്കാര്യം നാട്ടുകാർക്കും അയൽവാസിയായ തേവരക്കാവു ഭഗവതിയ്ക്കും അറിയാവുന്ന സത്യമായതുകൊണ്ടാവണം 2009 വരെ മൂന്നു ദശകക്കാലം ഒരു തുള്ളി ജലം പോലും ആ കോൺക്രീറ്റു കൂടാരത്തിൽ കയറാതിരുന്നത്‌! യാതൊരു സംരക്ഷണവും നൽകാതെ മൂന്നു ദശകത്തോളംകാലം ആ കോൺക്രീറ്റു കൂടാരം മഞ്ഞും മഴയും വെയിലും കൊണ്ടു നിന്നതുകൊണ്ട്‌ ഇപ്പോഴും അതിന്റെ പൂർണ്ണശേഷിയ്ക്കൊത്ത ശുദ്ധജലം അതിൽ കയറ്റുന്നില്ല! ചൂണ്ടി പദ്ധതിപ്രകാരം വേണ്ടത്ര ജലം ലഭ്യമാണെങ്കിലും !
ജലസംഭരണി നിർമ്മിച്ചതിനുശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലം ഒരു കൊച്ചു 'പാർക്കാ'ക്കി രൂപാന്തരപ്പെടുത്തി. അതാതുസമയങ്ങളിൽ വേണ്ടത്ര സംരക്ഷണമില്ലാതെ അവിടത്തെ കോൺക്രീറ്റു ബഞ്ചുകൾ നിഷ്പ്രയോജനമായി ഭവിച്ചിരിക്കുന്നു. ചിലപ്പോൾ മാലിന്യത്തിന്റെ കലവറയ്ക്കായും അതു ഉപയോഗിക്കുന്നതുകാണാം.
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമരസേനാനി "ചന്ദ്രശേഖർ ആസാദി''ന്റെ നാമധേയത്തിലാണ്‌ മൈതാനം ആസാദ് മൈതാനമായി മാറിയതെന്നാണ്‌ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്‌. പക്ഷേ അവിടെ പ്രതിമ വന്നപ്പോൾ രക്തസാക്ഷിയ്ക്കു പകരം രാഷ്ട്രീയനേതാവാണ്‌ (മൗലാനാ അബ്ദുൾ കലാം ആസാദ് ) വെങ്കലപ്രതിമ കടന്നുകൂടിയത്‌. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഗുണഫലങ്ങളെല്ലാം രാഷ്ട്രീയക്കാർക്കു മാത്രം അവകാശപ്പെട്ടതാണല്ലോ!?
ആസാദുമൈതാനിയിൽ പിന്നെയും ബാക്കി കിടന്ന സ്ഥലം - കുതിരസവാരി പരിശീലനകേന്ദ്രം-വാട്ടർ അതോറിറ്റിയുടെ ഓഫീസും കയ്യേറി. ചരിത്രത്തിൽ ആസാദുമൈതാനമെന്ന ഒന്ന്‌ എന്നന്നേയ്ക്കുമായി ഇല്ലാതാകണം എന്ന്‌ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്കു നിർബന്ധമുണ്ടെന്നാണു നാട്ടുകാർ കരുതുന്നത്‌.
എത്രയെത്ര ചരിത്രസംഭവങ്ങൾക്കാണ്‌ ആസാദുമൈതാനം സാക്ഷിയായിരുന്നത്‌! സ്വാതന്ത്ര്യസമരം, ക്ഷേത്രപ്രവേശനസമരം, അയിത്തോച്ഛാടനസമരം, കർഷകപ്രക്ഷോഭങ്ങൾ തുടങ്ങി ചരിത്രസമരങ്ങളുടെ വേലിയേറ്റങ്ങൾക്കു തന്നെ അവിടത്തെ മണൽത്തരികളും അന്തരീക്ഷവും സാക്ഷിയായി. അതുപോലെത്തന്നെ എത്രയെത്ര ദേശീയ നേതാക്കളാണ്‌ അവിടെ പ്രസംഗിച്ച്‌ തൃപ്പൂണിത്തുറക്കാരെ ബോധവാന്മാരാക്കാൻ ശ്രമിച്ചിട്ടുള്ളത്‌.! ഏറ്റവുംമൊടുവിൽ മുൻരാജ്യരക്ഷാമന്ത്രി വി.കെ.കൃഷ്ണമേനോൻ അവിടെ പ്രസംഗിച്ചതു ഈ ലേഖകൻ ഓർക്കുന്നു. എത്രയെത്ര ടൂർണ്ണമന്റുകൾ, പ്രദർശനങ്ങൾ, സർക്കസുകൾ അങ്ങിനെ നീണ്ടു നീണ്ടു പോകുന്നു. ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിനു ആശംസകളർപ്പിച്ചുകൊണ്ട്‌ ഇ.കെ.ഗോപാലൻ നയിച്ച സമരപ്രചരണജാഥയ്ക്ക്‌ ആസാദുമൈതാനിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ നിന്നാണ്‌ "മഹാത്മാഗ്രന്ഥശാല" എന്ന ആശയം പൊട്ടിമുളച്ചത് . പിന്നീടത്‌ തൃപ്പൂണിത്തുറയുടെ സാംസ്കാരിക കേന്ദ്രമായി വളർന്നതും ആദ്യവാർഷികത്തിന്‌ മഹാത്മജി തന്നെ അധ്യക്ഷത വഹിച്ചതും തുടർന്നു നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും ചരിത്രത്തിന്റെ ഭാഗമാണല്ലോ!
ആസാദുമൈതാനിയുടെ വടക്കേ അറ്റത്തു പ്രത്യേകം സൂക്ഷിച്ചിരുന്ന മതിൽക്കെട്ടിൽ നിന്നും മുഴങ്ങിയിരുന്ന അശ്വാരൂഢഭടന്മാരുടെ പ്രഭാതഭേരിയും, മതിൽക്കെട്ടിനോടുചേർന്നു പുറത്തുണ്ടായിരുന്ന ചെറിയ സ്റ്റേജിലെ പൊതുയോഗങ്ങളും തൃപ്പൂണിത്തുറക്കാർ ഇന്നും ഓർക്കുന്നു.
എരൂർ, നടമ ദേശങ്ങളുടെ അതിർത്തിയായും ആ തുറന്ന മനസ്സുള്ള മൈതാനം നിലകൊണ്ടിരുന്നു . അതിനെ ഇല്ലാതാക്കാൻ എങ്ങിനെ മനസ്സുവന്നു! ഇതു വിശദമായ പരീക്ഷണത്തിനു പഠനത്തിനും വിശദമാക്കേണ്ടതാണ്‌.
ആസാദുമൈതാനത്തോടു ചേർന്ന്‌ വടക്കുമാറിയുള്ള "ആനക്കുളത്തിൽ" തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ ഉത്സവക്കാലത്ത്‌ എട്ടു ദിവസവും ഇരുപതോളം ഗജവീരന്മാർ ഒരുമിച്ച്‌ നീന്തിക്കുളിയ്ക്കുമായിരുന്നു. ആ വലിയ കാഴ്ച കാണാൻ ആ വൈകുന്നേരങ്ങളിൽ എത്രയോ ആളുകളാണ്‌ ആ വിസ്തൃതജലാശയത്തിന്റെ നാലുഭാഗത്തും തടിച്ചു കൂടിയിരുന്നത്‌. ആ കുളം മൂടാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അതിന്റെ വിസ്തൃതി കുറഞ്ഞു പോയിരിക്കുന്നു. മാത്രമല്ല അതിന്റെ കിഴക്കേഭാഗത്ത്‌ ഒരു ചെറിയ ശ്മശാനം ജന്മമെടുത്തിരിക്കുന്നു- അധികൃതരുടെ അനുവാദത്തോടെ! ഭാവിയിലെ പരിസരമലിനീകരണത്തിന്റെ നാന്ദിയായി അതിന്റെ പുകക്കുഴൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.
തൃശ്ശൂരിന്റെ നഗരഹൃദയത്തിൽ വടക്കുംനാഥന്റെ ക്ഷേത്രത്തിനു ചുറ്റും 64 ഏക്കർ സ്ഥലമാണു തുറസ്സായി കിടക്കുന്നത്‌. അതുപോലെത്തന്നെ കൊടുങ്ങല്ലൂരാണെങ്കിൽ കാവിൽ മൈതാനവും തുറസ്സായിക്കിടക്കുന്നു. ഒടുവിൽ എണ്ണിനോക്കിയപ്പോൾ 55 ആൽമരങ്ങളാണ്‌ പരിസരമാകെ ശുദ്ധവായു പകർന്നുകൊണ്ട്‌ കാവിൽമൈതാനത്തു നിലകൊള്ളുന്നത്‌. അതിന്റെ ഇലകളുടെ മർമ്മരം മനസ്സിനു ഉന്മേഷമേകുന്നു. ആസാദുമൈതാനം നശിപ്പിയ്ക്കാൻ ഒത്താശചെയ്ത അധികൃതർ അങ്ങോട്ടു എത്തിയാൽ എന്താകും സ്ഥിതി!?
പഴയ രാജധാനിയായ കനകക്കുന്നുകൊട്ടാരം രാജഭരണത്തിനുശേഷം കൈമാറിയതു കൊച്ചിസർവ്വകലാശാലയ്ക്കാണ്‌. പ്രോഫ.ജോസഫ്‌ മുണ്ടശ്ശേരി അവിടെ വൈസ്‌ ചാൻസലറായിരുന്നിട്ടുണ്ടല്ലോ!? ഒരു സുപ്രഭാതത്തിൽ കൊച്ചി സർവ്വകലാശാല കളമശ്ശേരിയിലേക്കു മാറിപ്പോയി. പിന്നീടു അവിടെ വന്നത്‌ കൊച്ചി പുരാവസ്തു മ്യൂസിയമാണ്‌. പണ്ടത്തെ മഹാരാജാക്കന്മാർ അണിഞ്ഞിരുന്ന സർക്കാർ വക സ്വർണ്ണക്കിരീടം രാജഭരണം അവസാനിച്ചപ്പോൾ "കളഞ്ചത്തിൽ" - ഇപ്പോഴത്തെ കെ.എസ്‌.ഇ.ബി ഓഫീസിന്റെ സ്ട്രോങ്ങ്‌ റൂമിലാണ്‌ കൊച്ചി സർക്കാർ സൂക്ഷിച്ചിരുന്നത്‌. 25 വർഷം അതു ജനകീയ സർക്കാരിന്റെ കൈവശത്തിലിരുന്നശേഷം മ്യൂസിയത്തിലേക്കു മാറ്റുന്നതിനു ഒരുകോടിയിൽപ്പരം രൂപ അതിന്റെ വിലകണക്കാക്കി പഴയ രാജകുടുംബത്തിലെ അന്നു ജീവിച്ചിരുന്ന അറുപതോളം പേരുടെ ബാങ്ക്‌ അക്കൗണ്ടിലേക്കു മാറ്റിക്കൊടുത്തു. ഏതായാലും സർക്കാരിന്റെ സ്വർണകിരീടം നഷ്ടമായില്ല. ആ ഇനത്തിൽ ഒരുകോടി രൂപ പാവപ്പെട്ട നമ്മുടെ പൊതുഖജനാവിൽ നിന്നും നഷ്ടപ്പെട്ടു. അർഹതയില്ലാത്തവർക്ക്‌ ആ തുക വീതിച്ചു കൊടുത്തശേഷം സ്വർണകിരീടം മ്യൂസിയത്തിലേക്കു മാറ്റിയ അതേദിവസം, അതേസമയം, ഉത്ഘാടനച്ചടങ്ങിനെത്തിയ അന്നത്തെ ടൂറിസം മന്ത്രി ആർ.ബാലകൃഷ്ണപിള്ളയ്ക്കും ഒരു സന്ദേശം ലഭിച്ചു. പഴയ രാജകുടുംബത്തിൽ അന്നു ജീവിച്ചിരുന്നവരിൽ ഏറ്റവും മുതിർന്ന തമ്പുരാൻ (പണ്ടാണെങ്കിൽ മഹാരാജാവാകേണ്ടിയിരുന്ന ആൾ) അപ്പോൾ പെട്ടെന്നു തന്നെ മരിച്ചു. എറണാകുളത്തെ കളത്തിപ്പറമ്പിൽ റോഡിലെ കൊട്ടാരത്തിന്റെ മുകളിൽ നിന്നിറങ്ങുമ്പോൾ അകാരണമായി പെട്ടെന്നു നെഞ്ചുവേദന തോന്നിയതു മാത്രമാണ്‌ മരണകാരണം.
അതുപോലെ തന്നെ ഒരു സുപ്രഭാതത്തിൽ കോളേജു വിദ്യാഭ്യാസമേഖലാ കേന്ദ്രവും തൃപ്പൂണിത്തുറയ്ക്കു നഷ്ടമായി. നിസ്സാരകാര്യമായി തോന്നാമെങ്കിലും എരൂർ നിന്നും പുറപ്പെട്ടിരുന്ന കെ.എസ്‌.ആർ.ടി.സി ബസ്സുകളും പിന്നീട്‌ ഇല്ലാതായി. നിലവിലുള്ള ഗതാഗത സൗകര്യം വെട്ടിച്ചുരുക്കാൻ മറ്റൊരിടത്തും സാധിയ്ക്കില്ല! എല്ലായിടത്തും കൂടുതൽ സൗകര്യങ്ങൾക്കാണല്ലോ മുറവിളി!
രാജഭരണകാലത്ത്‌ കളിയ്ക്കാനും, കുടിയ്ക്കാനും ശുചീകരണത്തിനുപയോഗിയ്ക്കാനും വേണ്ടത്ര ശുദ്ധജലവുമായി നഗരകേന്ദ്രത്തിലുണ്ടായിരുന്ന "പോളക്കുളം" കുറേവർഷങ്ങൾ വൃത്തികേടായി കിടന്നിരുന്നു. ഇപ്പോഴത്‌ 25 ശതമാനം വിസ്തൃതി കുറച്ചുകൊണ്ട്‌ വൃത്തിയാക്കി വെട്ടിച്ചുരുക്കിയിരിക്കുന്നു. നികത്തിയെടുത്ത സ്ഥലം നാളെ കോൺക്രീറ്റു പണിയ്ക്കാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല, അതാണല്ലോ അനുഭവം.
തൃപ്പൂണിത്തുറയുടെ കിഴക്കേ അതിരിലുള്ള കരിങ്ങാച്ചിറപ്പുഴ വീതികുറഞ്ഞു കുറഞ്ഞുവന്നു ചെറിയൊരു തോടായി രൂപാന്തരപ്പെട്ടിരിക്കുന്നു. കരിങ്ങാച്ചിറപ്പാലത്തിൽ നിന്നും നേരെ തെക്കോട്ട്‌ നോക്കിയാൽ ഇതാർക്കും ബോധ്യമാകും. അയൽപക്കക്കാർ നികത്തി നികത്തി പുഴ പലേടത്തും പുരയിടമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആരും ശ്രദ്ധിയ്ക്കാനില്ലല്ലോ!
രാജഭരണകാലത്ത്‌ ആദ്യം സ്ഥാപിച്ച നൂറ്റാണ്ടു പഴക്കമുള്ള, നല്ലകാലത്ത്‌ 5000 വിദ്യാർത്ഥികളുണ്ടായിരുന്ന സർക്കാർ ബോയ്സ്‌ ഹൈസ്കൂളിന്റെ പ്രധാന കെട്ടിടങ്ങൾ കാലപ്പഴക്കത്താലും സംരക്ഷണയില്ലാത്തതിനാലും നിലംപൊത്താറായിരിക്കുന്നു. രണ്ടു വർഷം മുമ്പ്‌ അയ്യായിരത്തിൽ നിന്നും വിദ്യാർത്ഥികളുടെ എണ്ണം വെറും മൂന്നായി (3) കുറഞ്ഞു . പക്ഷേ കഴിഞ്ഞവർഷങ്ങളിൽ അടച്ചുപൂട്ടിയ സർക്കാർ വിദ്യാലയങ്ങളെപ്പോലെ ഇതും നിർത്തലാക്കേണ്ടിവരുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. (ഉദാ- കലൂർ ഹൈസ്കൂൾ) നഗരഹൃദയത്തിലുള്ള ഈ കണ്ണായ സ്ഥലം ഷോപ്പിംഗ്‌ കോമ്പ്ലക്സിനു തികച്ചും അനുയോജ്യമാണെന്നു രാഷ്ട്രീയക്കാർ പരസ്പരം പറഞ്ഞു തുടങ്ങിയിരിക്കുന്നു! മന്ത്രിമാരെയും രാഷ്ട്ര നേതാക്കളേയും മറ്റുന്നതരെയുമൊക്കെ വാർത്തെടുത്ത ഈ സർക്കാർ വിദ്യാലയം അതിന്റെ വികാരപരമായ ഓർമ്മകളൂമായി നിലനിന്നിട്ടെന്തുകാര്യം! അവിടെ ഷോപ്പിംഗ്‌ കോമ്പ്ലക്സ്‌ വന്നാലോ. എസ്റ്റിമേറ്റു തയ്യാറാക്കുന്നതുമുതൽ മുറികൾ അലോട്ടുചെയ്യുന്നതുവരെ വിവിധഘട്ടങ്ങളിലെല്ലാം, ബന്ധപ്പെട്ട അധികൃതർക്കു സാമ്പത്തിക നേട്ടമുണ്ടാകാം. മുറി ലഭിക്കുന്ന കുറേയാളുകളുടെ ഉപജീവനത്തിനു ഇതു ഉപാധിയാകുമെന്നു പ്രസംഗിച്ച്‌ പൊതുജനങ്ങളെ കബളിപ്പിയ്ക്കുകയും ചെയ്യാം.
തൃപ്പൂണിത്തുറ നടമ, തെക്കുംഭാഗം എന്നീ രണ്ടു വില്ലേജാക്കി മുറിയ്ക്കുന്ന ജലാശയമാണ്‌ അന്ധകാരത്തോട്‌. പിറവം, എറണാകുളം നിയോജകമണ്ഡലങ്ങളെ ജലമാർഗ്ഗം ബന്ധിപ്പിക്കുന്ന അതിർരേഖ കൂടിയാണിത്‌. ഒരു 40 വർഷം മുമ്പുവരെ നല്ലതെളിനീർ പ്രവാഹമായിരുന്നു ഈ തോട്‌. തൃപ്പൂണിത്തുറ ചന്തയിലേയ്ക്കും അവിടെനിന്നും, പച്ചക്കറികളും വെറ്റില, അടയ്ക്ക എന്നിവയും പനങ്ങാട്‌, കുമ്പളം മുതലായ പടിഞ്ഞാറൻ ഭാഗങ്ങളിലേയ്ക്കും, അമ്പലമുകൾ, മുളന്തുരുത്തി തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിലേയ്ക്കും കൊണ്ടുവന്നതും കൊണ്ടുപോയിരുന്നതും ഈ തോടിലൂടെയായിരുന്നു. പരിസരവാസികൾ ,ഈ ലേഖകൻ ഉൾപ്പെടെ അവിടത്തെ ശുദ്ധജലത്തിൽ നിരവധി നാൾ മുങ്ങിക്കുളിച്ചിരുന്നു. അന്ധകാരത്തോട്‌ കരിങ്ങാച്ചിറപ്പുഴയുമായി ചേരുന്നിടത്ത്‌ ഓണക്കാലത്ത്‌ ചെറുവള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മത്സരം നടന്നിരുന്നതും ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു. പക്ഷേ ഇന്നത്തെ അന്ധകാരത്തോട്‌ ഒരു ജലവാഹനവും പോകാത്തവിധം അഴുക്കും ചെളിയും ചെറുമരങ്ങളും നിറഞ്ഞ്‌ തീർത്തും ഉപയോഗശൂന്യമായിരിയ്ക്കുന്നു. അടുത്ത വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നും മാലിന്യങ്ങൾ നിക്ഷേപിച്ചുകൊണ്ടിരിയ്ക്കുന്ന ഒരഴുക്കിന്റെ ശേഖരണമാണിന്നു അന്ധകാരത്തോട്‌. അത്‌ ശുദ്ധീകരിക്കണമെന്നും സൗന്ദര്യവൽക്കരിയ്ക്കണമെന്നും നിരവധി പ്രാവശ്യം പൊതുജനങ്ങളും പത്രമാധ്യമങ്ങളും ആവശ്യപ്പെടുന്നതിന്റെ നിർബന്ധത്തിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ ഒന്നു രണ്ടു പ്രാവശ്യം തുടങ്ങി വച്ചു. വീണ്ടും മഴ വന്നപ്പോൾ അവയെല്ലാം തോട്ടിലേയ്ക്കു തന്നെ ചെന്നു ചേർന്നു. തോടിന്റെ ഇരുകരകളിലുമുള്ള വീട്ടുകാർക്ക്‌ മാലിന്യഗന്ധം കൊണ്ടും കൊതുകിനെക്കൊണ്ടും ഇരിയ്ക്കപ്പൊറുതിയില്ലാതായിരിയ്ക്കുന്നു.
അന്ധകാരത്തോടിലൂടെ ജലഗതാഗതം പുനരാരംഭിയ്ക്കുന്നതിനും അതിലെ ഒഴുക്കുള്ള ജലത്തിൽ പണ്ടത്തെപ്പോലെ കുളിയ്ക്കുന്നതിനും ഇനി തൃപ്പൂണിത്തുറക്കാർക്കു എന്നെങ്കിലും സാധിയ്ക്കുമോ?
ഇതൊക്കെ കണ്ടു സഹികെട്ട്‌, പഴയരാജഭരണമായിരുന്നോ നല്ലത്‌ എന്ന ചില വൃദ്ധർ പറഞ്ഞു തുടങ്ങി ചിരിയ്ക്കുന്നു; ക്രൂരമായ അയിത്താചരണത്തിന്റെ കാര്യമൊഴികെ! അന്ന്‌ ഒരു രാജാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വണങ്ങിയാൽ മതിയായിരുന്നല്ലോ!
പഴയ രാജധാനിയുടെയും രാജഭരണത്തിന്റെയും ഓർമ്മ നിലനിർത്തുന്ന എന്തെങ്കിലും രാജനഗരിയിൽ നിലനിൽക്കുന്നുണ്ടോ? പൈതൃകസമ്പത്തായ ഒന്നും തന്നെ കാണുന്നില്ല- കോട്ടയ്ക്കകത്ത്‌ ക്ഷേത്രത്തിനു മുമ്പിലുള്ള മണിമാളികയും കോട്ടവാതിൽക്കലെ രാജപ്രതിമയുമല്ലാതെ?
പെട്ടെന്നു തകർക്കാനാവാത്തതുകൊണ്ട്‌ ദേവാലയങ്ങളും ഗോപുരങ്ങളും അതിനോടു ചേർന്നുള്ള സ്ഥാവരജംഗമവസ്തുക്കളും മാത്രം നിലനിൽക്കുന്നു എന്നു സമാധാനിയ്ക്കാം.