Wednesday, March 10, 2010

എഡിറ്റോറിയൽmathew nellickunnu

കെട്ടിടപ്പൂക്കളും മരണപാതകളും

മൂന്നരപ്പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഞാനറിഞ്ഞ കേരളമാകെ എല്ലാ വിധത്തിലും കണ്ടാലറിയാത്തവിധം മാറിയിരിക്കുന്നു. എല്ലാ രണ്ടു വർഷം കൂടുമ്പോഴും കൊതിയോടെ സ്വന്തം നാട്ടിലേക്കോടിയെത്തിയിരുന്ന എനിക്ക്‌ ഇവിടുത്തെ ഈ മാറ്റങ്ങൾ പലതും വേദനയുളവാക്കി. നഷ്ടബോധത്തിന്റെ വ്യാപ്തിയും കൂടി.
മുന്നേറാനുള്ള പരക്കം പാച്ചിലിനിടയിൽ കേരളത്തിൽ നിന്ന്‌ എത്രത്തോളം നന്മയാണ്‌ നഷ്ടപ്പെട്ടുപോയത്‌? ഗൾഫ്‌ മരുഭൂമിയിൽ പോയി ജീവരക്തം വിയർപ്പാക്കി കനകം വിളയിച്ച മലയാളി സ്വന്തം നാട്ടിൽ വലിയ കൊട്ടാരങ്ങൾ പണിതുയർത്തിയിട്ടും ഇവിടെയെത്തുമ്പോൾ മനസ്സുകൾ കലുഷിതമായി സ്വാർത്ഥചിന്തയുടെ സംരക്ഷകരായി മാറുന്നു.
കുണ്ടും കുഴിയും നിറഞ്ഞ കേരളത്തിലെ റോഡുകളിൽ സഞ്ചരിക്കാൻ ആർക്കും ഭയമാണ്‌. മത്സരിച്ചോടുന്ന ബസ്സുകളിൽ അമർന്നിരിക്കാൻ ആർക്കാണ്‌ ധൈര്യമുണ്ടാവുക. ജീവന്‌ പുല്ലുവിലയാണ്‌ എന്ന മട്ടിലുള്ള പാച്ചിലാണ്‌ വാഹനം ഓടിക്കുന്നവരുടേത്‌. വീട്ടിൽ നിന്നിറങ്ങിയാൽ അവിടെത്തന്നെ ജീവനോടെ തിരിച്ചെത്താൻ സുകൃതം ചെയ്യണം.
കേരളത്തിലെ റോഡുകളിലും ദേശീയപാതകളിലും ഉണ്ടാകുന്ന അപകടങ്ങളിൽപ്പെട്ടു അനേകം ജീവിതങ്ങൾ ദിനംപ്രതി പൊലിഞ്ഞുവീഴുന്നു. ഒരു സുഹൃത്ത്‌ വളരെ വർഷമായി കേരളത്തിൽ ജീവിക്കുന്നയാളാണ്‌. ഇവിടെ ഒരു വർഷം റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം കേട്ടാൽ നാം ഞെട്ടിപ്പോകുമെന്ന്‌ അദ്ദേഹം പറഞ്ഞു. പല റോഡുകളും കുണ്ടും കുഴിയുമായി വെള്ളം കോരിയെടുക്കാവുന്ന അവസ്ഥയിലാണ്‌. സ്കൂട്ടർ പോലുള്ള വാഹനങ്ങൾ അതിൽ വീണാലത്തെ അവസ്ഥ പറയുകയും വേണ്ട. കാറും ലോറിയും മാത്രമല്ല ഓട്ടോ പോലുള്ള വാഹനങ്ങളുടെ എണ്ണവും ക്രമത്തിലധികം വർദ്ധിച്ചു. അവയ്ക്ക്‌ പോകാനും പാർക്ക്‌ ചെയ്യാനും ഇടമില്ല. ഇതിനിടയിലാണ്‌ വാഹനങ്ങളുടെ മത്സരയോട്ടവും.
പുകപടലങ്ങളുയർത്തി അന്തരീക്ഷം മലിനീകരിച്ച്‌ ശബ്ദമുണ്ടാക്കിപ്പോകുന്ന വാഹനങ്ങൾ കാണാൻ മൺവഴിയും കടന്ന്‌ ഓടിച്ചെല്ലുമായിരുന്നു. അന്ന്‌ വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമായിരുന്നു ആ വഴിയിലൂടെ പോയിരുന്നത്‌. കൂട്ടുകാരെല്ലാം എന്നെ വിട്ട്‌ ഓടിപ്പോയാലും അതങ്ങ്‌ ദൂരെ ഓടി മറയുന്നതും നോക്കി ഞാൻ നിൽക്കുമായിരുന്നു. ഇതുപോലുള്ള ചെറിയ ചെറിയ കാഴ്ചകൾ എനിക്കെന്നും കൗതുകകരമായിരുന്നു. ആ ഓർമ്മകളാണ്‌ ഇന്നെന്റെ മനസ്സിന്റെ കോണിലെ ഏക സമ്പാദ്യം.
ഇന്ന്‌ കേരളത്തിൽ ആളുകൾക്ക്‌ വഴി നടക്കാൻപോലും പറ്റാത്തവിധത്തിൽ വാഹനങ്ങൾ വർദ്ധിച്ചു. എന്റെ ചെറുപ്പക്കാലത്ത്‌, എവിടെയെങ്കിലും യാത്രപോകുക എന്നത്‌ വളരെ സന്തോഷപ്രദമായ കാര്യമായിരുന്നു. വണ്ടിയുടെ വേഗതക്കനുസരിച്ച്‌ ഓടിപ്പോകുന്ന മരങ്ങൾ ബസ്സിലിരുന്ന്‌ കൗതുകത്തോടെ നോക്കും. റോഡിനിരുവശത്തുമുള്ള അനേകം മരങ്ങളും അവയിലെ പൂക്കളും പച്ചപ്പും മനസ്സിൽ കുളിരുകോരിയിടുമായിരുന്നു.
ഇന്ന്‌ വണ്ടിയിൽ യാത്രചെയ്താൽ ഇരുവശവും കൂറ്റൻ കെട്ടിടങ്ങൾ മാത്രമാണ്‌ കാണാൻ കഴിയുന്നത്‌. ടാർ ചെയ്ത വിസ്തൃതമായ റോഡുകൾ ഇന്ന്‌ കേരളത്തിലെല്ലായിടത്തും നിർമ്മിക്കപ്പെട്ടിരിക്കുന്നു. ദേശീയപാതയും മറ്റും നിർമ്മിച്ചതിന്റെ ഫലമായും റോഡിന്‌ വീതികൂട്ടി സൗകര്യങ്ങൾ വർദ്ധിപ്പിച്ചതിന്റെ ഫലമായും ധാരാളം ഗതാഗതമാർഗ്ഗങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്‌. സാഭിമാനം പറയാവുന്ന കാര്യമാണത്‌.
എന്നിരുന്നാലും വളഞ്ഞ്‌ പുളഞ്ഞ്‌ കിടക്കുന്ന പണ്ടത്തെ ചെമ്മൺപാതകളെ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. അവ എന്റെ ഗ്രാമത്തെ ശാലീനസുന്ദരിയാക്കിയിരുന്നു. ഇപ്പോൾ എന്റെ ഗ്രാമത്തിലും പരിഷ്കാരത്തിന്റെ തള്ളിക്കയറ്റമുണ്ടായ ഒരുപാട്‌ മാറ്റങ്ങളും ഞാൻ ഓരോ പ്രാവശ്യം നാട്ടിൽ വരുമ്പോഴും പുതിയ പുതിയ മാറ്റങ്ങളും എനിക്ക്‌ കാണുവാൻ സാധിക്കുന്നു. തിരക്കേറിയ ജനസമൂഹം ആ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന കാഴ്ചയും സാധാരണയാണ്‌.