Wednesday, March 10, 2010

കാത്തിരിപ്പ്‌

daya pachalam

വിഷുദിനമായ്‌, വിഷാദമായ്‌
വിഷുക്കൈനീട്ടംകൊടുക്കുവാൻനേരമായ്‌
വളഞ്ഞിതായെൻ കിടാങ്ങൾചുറ്റും
വിളിച്ചൊന്നായ്ച്ചൊല്ലി 'തരുതായോ കൈനീട്ടം'
വികാരവായ്പിലീവെറുംകയ്യുമായ്‌
വന്നുനിന്നുശ്രീകൃഷ്ണൻതൻ മുന്നിലായ്‌
വിവശയായ്‌വിശപ്പിന്നാഗമത്തിൽ
വിളിച്ചോതുംവിമൂകശോകങ്ങളോർത്തു ഞാൻ

വെള്ളിനാണയക്കൂട്ടങ്ങളൊക്കെയും
വിടപറഞ്ഞൊരാനാളെന്റെ കൃഷ്ണാ
വിശപ്പിൻവിളിയിലിന്നു കൈനീട്ടം
വിരഹിണിഞ്ഞാൻ കൊടുക്കുവതെങ്ങനെ?
വിളവുള്ള പാടശേഖരമെല്ലാം
വിധിയെന്നേ നഷ്ടപ്പെടുത്തിക്കളഞ്ഞു
വിട്ടുപോയ്ഭവനവും സ്വന്തബന്ധുക്കളും
വിടാതിരുന്നഭിമാനമൊതുക്കവും
വറ്റുകളഞ്ചാറരുമമക്കൾതൻ
വയറ്റിൽനിറയ്ക്കാൻചെയ്തെന്തുകൃഷ്ണാ?
വിലകുറഞ്ഞുള്ളൊരീകോറത്തുണികൾ
വകയില്ലതുന്നിക്കാൻ മക്കൾക്കേകീടുവാൻ
വിമ്മിക്കരഞ്ഞവർ കോടിമോഹിക്കുന്നു
വലയുമീക്കൂലിക്കാരിയെൻ കൃഷ്ണാ.

വാശിയിൽ കമ്പിപ്പൂത്തിരി, പടക്കങ്ങൾ
വീറോടയലത്തെ മുറ്റത്തുകത്തുമ്പോൾ
വീണ്ടുംവിഷാദത്തിൻകുഞ്ഞുമുഖങ്ങളിൽ
വീർപ്പുമുട്ടീടുംനിരാശതകൃഷ്ണാ!
വൻവഴിയോരത്തെയോടയ്ക്കുപിന്നിലെ
വിണ്ണുകാണാവുന്നചെറ്റക്കുടിലിതിൽ
വിഘാതമില്ല കാറിരുണ്ടാൽ കൃഷ്ണാ
വീഴും മഴത്തുള്ളികളേതുമീത്തിണ്ണയിൽ
വരച്ചൊരീകൃഷ്ണച്ഛായയിൽനോക്കി
വരമരുളുവാൻ കാത്തുനാളിതുവരെ
വരമില്ലയരുളപ്പാടൊന്നുമില്ല-എന്നിൽ
വരുവതുതോരാക്കണ്ണീരുമാത്രം.
വിധവയാമീരോഗഗ്രസ്ഥയിന്നും
വിലപിക്കാതിരിക്കുവതെങ്ങനെ?

വീണ്ടും പഴയപ്രതാപപ്രഭാതങ്ങൾ
വന്നുചേരും പരിവർത്തനംവന്നെങ്കിൽ....