Wednesday, March 10, 2010

ഇരുട്ട്

rajesh chithira


പകലുകളെ മാത്രം
പെറ്റു കൂട്ടുന്ന ദിവസശരശയ്യകളില്‍
ഉറങ്ങാതെ ഉറക്കം ‍ ‍
ഇരുട്ട് മോഹിപ്പിക്കുന്ന വ്യാമോഹം

നീ പിരിഞ്ഞ സന്ധ്യ
കാഴ്ചക്ക് സമ്മാനിച്ച അതേയിരുട്ട്

നിദ്രാടകനെ പോലെ
ചില്ലകളെ കീഴ്പെടുത്തി
മരത്തിന്റെ നെറുകയില്‍
ഇരുട്ടിന്റെ കൂടുതേടി
എന്‍റെ ഏകാന്തത

മുകളില്‍ ,
ചന്ദ്രസ്മിതം
തിരയുന്ന കണ്ണുകള്‍ക്ക്‌ മേല്‍
മേഘകാമിനിമാര്‍ക്കിടയില്‍
മനം നിറഞ്ഞൊരു കാമുകന്‍

മേഘ തിരയിളക്കങ്ങളില്‍
മറ്റൊരു പകല്‍
ആകാശം,
തിരകള്‍ മറന്നൊരു കടല്‍

ചുറ്റും
ശിഖരശൂന്യമാം മരങ്ങളില്‍
മിഴി തുറന്ന് നക്ഷത്രപൂക്കള്‍
യന്ത്രമേഘനൃത്തച്ചുവടുകളില്‍
താഴെ,
ഭൂമിയുമാകാശതുല്യം

രണ്ടാകാശങ്ങള്‍ക്കിടയില്‍
ഞാന്‍, കാറ്റ് കൈവിട്ടൊരു പായ് വഞ്ചി
ദിക്കു മറന്നൊരു സൂചി
ഏതു വിളക്കാവും ഇരുട്ടിന്‍റെ
കണ്ണെറിഞ്ഞെന്നെ മയക്കുക ...
ഏതു ഗ്രഹണമാകും
ഇരുട്ടുമാത്രമുള്ള കരയിലെന്നെ കൈവിടുക