Wednesday, March 10, 2010

കടൽത്തീരത്ത്‌



mathew nellickunnu


ഉപ്പുരസമുള്ള നനഞ്ഞ കാറ്റുകൊണ്ട്‌ അയാൾ കടൽത്തീരത്തിരുന്നു. ഒരു തീർത്ഥാടകന്റെ മനോഭാവമാണ്‌ അയാൾക്കു മണൽപ്പരപ്പിനോടും സമുദ്രത്തിന്റെ ഇരമ്പലിനോടും തോന്നിയത്‌.
ഏതോ നിയോഗം പോലെ അന്നും ജോലി കഴിഞ്ഞ്‌ പതിവു തെറ്റാതെ അയാളവിടെ എത്തിയതാണ്‌. ഏറെ നേരം ഇരുന്നപ്പോൾ രാത്രി വരികയും ആളുകൾ കടൽത്തീരത്തു നിന്നു പോവുകയും ചെയ്തു.
ഇരുട്ടിന്റെ കട്ടി കൂടിയപ്പോഴും അയാൾ അവിടെത്തന്നെയിരുന്നു. 'എന്നെ രക്ഷിക്കണം' ഒരു സ്ത്രീ ശബ്ദം അയാളുടെ ശ്രദ്ധയാകർഷിച്ചു. അപ്പോഴേക്കും അവൾ അയാളുടെ സമീപമെത്തിയിരുന്നു.
അവൾ വീണ്ടും നിലവിളിച്ചു. 'സർ, എന്നെ രക്ഷിക്കണം.'
അയാൾ ചാടിയെഴുന്നേറ്റു. രണ്ടു പുരുഷന്മാർ അവളുടെ പിന്നാലെ ഓടിവരുന്നതു കണ്ടു. അവൾ അണയ്ക്കുന്നുണ്ടായിരുന്നു. അകലെയുള്ള പാർക്കിൽ നിന്നു വീശിയ നേരിയ വെളിച്ചത്തിൽ അവളുടെ മുഖം തെളിഞ്ഞു. അവൾ യുവതിയായിരുന്നു.
ഉറങ്ങിക്കിടന്ന പൗരുഷം ഉണർന്നു. അയാൾ അവളുടെയടുത്തു നിവർന്നു നിന്നു.
'നിങ്ങൾക്കെന്തു വേണം?' അവളെ പൈന്തുടർന്നവരോട്‌ അയാൾ ഉച്ചത്തിൽ ചോദിച്ചു.
'അവൾ ഈ രാത്രിയിൽ ഞങ്ങളുടേതാണ്‌. അവളെ വിട്ടു തരണം.' അവർ അവകാശം പറഞ്ഞു.
'അവൾ നിങ്ങളെ വിട്ട്‌ ഓടിപ്പോന്നവളാണ്‌. അവളെ അവളുടെ വഴിക്കു വിടുക'. അയാൾ ശാന്തനായി പറഞ്ഞു.
അവർ അവളുടെ കൈയിൽ കടന്നു പിടിച്ചു
അയാൾ അവളെ മോചിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും രണ്ടു പേരെ നേരിടാൻ തനിക്കാവില്ലെന്ന്‌ ഏതാനും നിമിഷങ്ങൾക്കകം മനസ്സിലായി.
അയാൾ മണൽപ്പരപ്പിൽ മുഖം പൊത്തി വീണു.
അഭയം തേടിയ അശരണയായ ആ യുവതിയെ രക്ഷിക്കണമെന്ന്‌ ഏതോ അജ്ഞാത ശക്തി ആജ്ഞാപിക്കുന്നതുപോലെ അയാൾക്കു തോന്നി. മണൽപരപ്പിലേക്കയാൾ രണ്ടു കൈകളും പൂഴ്ത്തി. മണൽത്തരികൾ വാരി എതിരാളികളുടെ മുഖത്തേക്ക്‌ മാറി മാറി എറിഞ്ഞു. എന്നിട്ടയാൾ അവളെ പിടിച്ചുകൊണ്ട്‌ നിരത്തിലെ വെളിച്ചത്തിലേക്ക്‌ ഓടി. ആദ്യം കണ്ട ഓട്ടോയിൽ കയറി അവർ അയാളുടെ വീട്ടിലെത്തി.
ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം തെളിഞ്ഞപ്പോൾ അയാൾ അവളെ ശരിക്കും കണ്ടു. നല്ല ഭംഗിയുള്ള പെണ്ണ്‌.
'ഇരിക്കൂ' അയാൾ സ്വീകരണമുറിയിലെ സോഫയിലേക്ക്‌ അവളെ ക്ഷണിച്ചു. അവൾ ഇരിക്കാൻ മടികാണിച്ചു. അപ്പോഴും അവളുടെ കിതപ്പു മാറിയിരുന്നില്ല.
'നമുക്കൽപം കാപ്പി കുടിക്കാം'. അയാൾ അടുക്കളയിലേക്കു കടന്നപ്പോൾ അവൾ അനുഗമിച്ചു.
തണുത്ത കടൽക്കാറ്റ്‌ ജനാല കടന്നെത്തി.
'നിനക്കാരുമില്ലേ?' അയാൾ അന്വേഷിച്ചു.
'ഇല്ല'. അവൾ പെട്ടെന്നു മറുപടി പറഞ്ഞു.
'കുളിച്ചുകൊള്ളു' അയാൾ കുളിമുറി കാണിച്ചു കൊടുത്തു. ഫ്രിഡ്ജിലിരിക്കുന്ന ഭക്ഷണം ചൂടാക്കുവാൻ എടുത്തപ്പോഴേക്കും അവൾ കുളി കഴിഞ്ഞിരുന്നു.
'ഇതൊക്കെ ഞാൻ ചെയ്തുകൊള്ളാം.' അവൾ പാചകം ഏറ്റെടുത്തു. അയാൾ കുളി കഴിഞ്ഞു വന്നപ്പോൾ ഭക്ഷണം മേശപ്പുറത്ത്‌ ഒരുക്കിയിരുന്നു. ഭക്ഷണം കഴിഞ്ഞ്‌ അവർ കുറെ നേരം ഒരുമിച്ചിരുന്ന്‌ ടി.വി കണ്ടു.
'നിന്നെക്കുറിച്ചൊന്നും പറഞ്ഞില്ല' അയാൾക്ക്‌ അവളെക്കുറിച്ച്‌ കൂടുതലറിയണമെന്ന്‌ തോന്നി.
അവൾ കഥ പറഞ്ഞു. നാട്ടിൻപുറത്തെ സാധാരണ പെൺകുട്ടി. തടികയറ്റാൻ വന്ന ലോറികളിലൊന്നിന്റെ ഡ്രൈവറെ ഇഷ്ടമായി. നഗരത്തിലേക്കയാൾ പിന്നീട്‌ കൂട്ടിക്കൊണ്ടുപോയി. എതിർപ്പുകൾ നിറഞ്ഞ നാട്ടിൻപുറത്തു വച്ചു കല്യാണം സാധ്യമല്ലെന്നറിയാമായിരുന്നു. നഗരത്തിലൊരു ഹോട്ടലിൽ കുറെ ദിവസം താമസിച്ചു. അടുത്തുള്ള മുറികളിൽ നിന്നു രാത്രിയിൽ വളകിലുക്കവും പൊട്ടിച്ചിരികളും എന്നും കേട്ടു പോന്നു. ഒരു ദിവസം കാമുകൻ മറ്റൊരാളുമായി മുറിയിൽ വന്നു. ഏറെ നേരത്തെ മദ്യപാനത്തിനു ശേഷം കാമുകന്റെ കൂട്ടുകാരൻ കാമുകിയുടെ കിടക്കയിൽ വന്നു.
അടുത്ത ദിവസം കാമുകൻ പുറത്തുപോയപ്പോൾ അവൾ ലക്ഷ്യമില്ലാതെ ഇറങ്ങിയോടി. കടൽത്തീരത്ത്‌ രണ്ടു ദിവസം കഴിച്ചു. പലരുടേയും കൂടെ പൊറുത്തു.
അവൾ കഥ പറഞ്ഞു തീർത്തു.
'സമയമൊരുപാടായി. ഉറങ്ങിയേക്കാം' അയാൾ ബെഡ്‌റൂമിലേക്കു നടന്നു.