Wednesday, March 10, 2010

ഇതിഹാസകൽപിതം



r manu
ഇതിഹാസകൽപിതം
എഴുത്തിന്റെ ആദ്യവും അവസാനവും ഇതിഹാസങ്ങളല്ലാതെ മറ്റെന്ത്‌?
ഈ ഇതിഹാസങ്ങൾ വായനയ്ക്കും പുനർവായനയ്ക്കും
വിധേയമാക്കുമ്പോൾ ചിലപ്പോഴെങ്കിലും അവ
സമകാലികതയുമായ്‌ ഇഴുകിച്ചേരുന്ന ഇമേജുകളാകുന്നു.

മഹാഭാരതം
(ഈ മഹാഭാരതം ഒരു വിൽപ്പത്രമായ്‌ കഥാപാത്രങ്ങൾ വാക്കും, പ്രവൃത്തിയായ....പകുത്തെടുത്തിരിക്കുന്നു. പക്ഷേ ഇപ്പോഴും സത്യവും നീതിയും ഉയർത്തിപ്പിടിച്ച വിദുരരും രാധേയനും തെരുവോരങ്ങളിൽ അന്യരായ്‌ നോക്കിനിൽക്കുന്നു.)
ഇതു വ്യാസവിൽപ്പത്രം
പ്രിയ തൻ ശവദാഹപുകപോലെ
വേർതിരിഞ്ഞൊഴുകുന്ന ശവവണ്ടിപോൽ
വിതുമ്പിത്തിണർത്തോടിയെത്തുന്നു.
പോകുന്നു ഗാന്ധാരി
ഗോതമ്പുവിളകൾക്കു കാവലായ്‌
പോകുന്നു കുന്തി
കിഴക്കിൻ കുന്നിലേക്കായ്‌
വഴിവാണിഭക്കാർ പകുക്കുന്നു
പീലിത്തിരുമുടി-നീലനേത്രങ്ങൾ
ശ്യാമ വർണ്ണങ്ങളീ സാന്ധ്യമേഘങ്ങളും
ചൂടും തുടിപ്പും പാട്ടും പകുക്കുന്നു
രക്തക്കളങ്ങൾ കലിംഗങ്ങളെല്ലാ
മജഗണം കീറുന്നു പോർബന്തറിൽ
പിന്നെയും പകുക്കുന്നു കപിലവസ്തു
ബുദ്ധനൈരാശ്യ മന്ദസ്മിതങ്ങളിൽ
ജീർണ്ണിച്ചെരിഞ്ഞ വ്യാസമന്ത്രങ്ങളെല്ലാം
പകുക്കുന്നു ഗാന്ധാര പൗത്രർ
എത്തുന്നു ദ്രാവിഡസാനുക്കളിൽ
കൂട്ടും കിടങ്ങളുമശ്വത്ഥമാക്കളും
ജീവിതം തീരുന്നു രാമനാമങ്ങളിൽ
തീരുന്നു മാമ്പഴക്കാലവും
ആർത്തുപെയ്യുന്ന മഴയിലാർത്ത
നാദം ചിലമ്പിച്ചുടഞ്ഞ കണ്ണുകൾ
എത്തുന്നു മഥുരയിൽ
കബന്ധങ്ങൾ കാത്തുനിൽക്കും മുകുന്ദൻ
വേർപ്പിലും കൊടും താപവും
കൂടുവെച്ചൊഴിയുന്ന
മേട്ടിലെത്തുന്നു പാഞ്ചാലി
രോഗ ദാരിദ്ര്യ വ്യാധിതന്നാശ്വാസമായ്‌
ഇതു വ്യാസവിൽപ്പത്രം,
വായന തീർത്തന്ധരായ്‌ വീഴുന്നു
ന്യായാധിപർ, കേഴ്‌വിയില്ലാതെ
പിരിയുന്നു ജനത.
ശേഷപത്രത്തിനപ്പുറം നോക്കൂ
പിച്ച തെണ്ടാൻ പോയ വിദുര, രാധേയരിവർ
വാടകക്കാർ പോലെ പിരിയുന്നവർ
വ്യാസപിൻഗാമികൾ.