Saturday, October 2, 2010

ശിവമയം

indira balan


ഭാവങ്ങള്‍ തന്‍ മഴവില്ലു തീര്‍ത്തു
നടനവൈഭവ കാന്തി പരത്തി
അഭിനയ ലാവണ്യത്തിന്‍ തങ്ക-
ത്തിടമ്പഴിച്ചു വെച്ചു യാത്രയായി

അടര്‍ന്നുവീഴുന്നു ശിവമയമാം
സൌഗന്ധിക നിമിഷങ്ങള്‍ ഹന്ത
തേങ്ങുന്നു നിറഭേദങ്ങളാം
വിരഹത്തിന്‍ നിസ്വനങ്ങള്‍

സിന്ദൂരശോഭ പകരില്ലിനി
രാവിന്‍ കമലദളങ്ങള്‍ തീര്‍ക്കുവാന്‍
വിരിയില്ലിനി മണിനൂപുരത്തിന്‍
മന്ത്രധ്വനികളായി മലരുകളും

അരങ്ങിലെ ഒറ്റത്താമരപ്പൂവായി
ഇന്ദ്രനീലപ്രഭാഭാസുരമായി
മറഞ്ഞു തിരശ്ശീലക്കകത്തേക്കു
കാലത്തിന്‍ അഭിനയ നൈപുണ്യം

പെണ്ണഴകിന്‍ പ്രപഞ്ചമൊരുക്കി
സ്വത്വപ്രധാനമാം ശക്തിയേകി
അര്‍ത്ഥപൂര്‍ണ്ണങ്ങളാക്കി കടന്നുപോയി
കനകോജ്ജ്വലങ്ങളാം നിമിഷങ്ങളും

നിലച്ചു ചിറകടിയും ഒഴിഞ്ഞു തിരകളും
പെണ്‍പ്രാഭവത്തിന്നരങ്ങും ഘനീഭവം
കണ്ണടച്ചു മൂകം കളിവിളക്കും
നമ്രശിരസ്ക്കരാവുന്നു ചരാചരങ്ങളും