Saturday, October 2, 2010

ഞങ്ങ­ളുടെ നാഥൻ



manampur rajanbabu


ഇനി സമ­ത്വ­ത്തിൻ മുഹൂർത്ത­മായി
സക­ലർക്കു­മു­ന്മാദ ലഹ­രി­യായി
തിന്നും കുടിച്ചും തിമിർത്തും തകർക്കു­വാൻ
ഞങ്ങൾക്കു കൈവന്ന സ്വർണ്ണ­രാത്രി!
എന്താണു സൂര്യ­നെ­ന്ന­റി­യാ­ത്ത­വർ, നീല-
വാന, മന്തി­ച്ചോ­പ്പ്‌, പച്ച­പ്പു­കൾ...
ഒന്നും ഉദിക്കാ ചിദാ­കാ­ശ­മെ­ങ്കിലും
ഞങ്ങൾ തൻ ദുഃഖ­ത്തി­നൊറ്റ വർണ്ണം!
കുയി­ലിന്റെ പാട്ടും കുറു­ക്കന്റെ ഓരിയും
കൂരി­രുൾ കീറും ചീവീടും പാടും
ധ്വനി തുരം­ഗ­ങ്ങളെ പൂട്ടുന്ന തേരു­മി-
ല്ലരി­കിൽ മൗന­ത്തി­ന്റെ­യ­ട്ട­ഹാസം!
കൈക­ളി­ല്ലാ­ത്ത­വർ, കാൽക­ളി­ല്ലാ­ത്ത­വർ,
അഴ­ലിൽ നീങ്ങു­ന്ന­വർ അംഗ­ഹീ­നർ
നിർത്താ­തെ, നിർത്താതെ പൊട്ടി­ച്ചി­രി­ക്കു­വോർ
`അധിപ`ന്റെ ദണ്ഡാൽ പുള­ഞ്ഞി­ടു­ന്നോർ...
എങ്കിലും ഞങ്ങൾക്കു `നാഥ`നായു­ണ്ടൊ­രാൾ
ഞങ്ങ­ളെ­പ്പോൽ വികാ­ലാം­ഗ­നല്ല
കേഴും മന­സ്സു­കൾക്കൊ­ക്കെയും സാന്ത്വനം
ആ മന­സ്സി­ന്റെ­യോ­രത്തു നിത്യം
അധി­പ­നോടേറ്റെന്നു­മ­ടി­യരെ കാക്കൂമീ
അതിധീ­ര­ശ­ക്തി­യാൽ ഞങ്ങ­ളൊ­ന്നായ്‌
ഈ അര­ക്കി­ല്ല­ത്തി­നു­ള്ളി­ലാ­ണെ­ങ്കിലും
ഈടു­വ­യ്പൊന്നേ നമുക്ക്‌ സ്നേഹം.
ഒറ്റയ്ക്കൊ­രാൾക്കും അടർത്തു­വാ­നാ­വാ­ത്തൊ-
രുൽകൃഷ്ടപുഷ്പ­മായ്‌ ഞങ്ങൾ നില്ക്കേ,
അധി­പൻ പറ, `ഞ്ഞിനി കൂട്ടിന്നു ഞാനു­മു-
ണ്ടുല­ക­മെ­മ്പാടും വരുന്നു മാറ്റം.
എങ്കി­ലും, വിക­ലാം­ഗർ നിങ്ങൾക്കു നാഥ­നായ്‌
പൂർണ­കാ­യൻ വിരോ­ധാ­ഭാ­സമാം
അതി­നാൽ, സമത്വം പുലർന്നു കാണാൻ
നാഥനും വിക­ലാം­ഗ­നാ­യി­ടണ്ടേ?
അതി­നാ­യൊ­ര­വ­യവം മെല്ലെ നീക്കാം.`
-ഒ­ടു­വി­ലെ­ല്ലാ­വരും സമ്മ­തി­ച്ചു.
അതു സമ­ത്വ­ത്തിൻ മുഹൂർത്ത­മായി
സക­ലർക്കു­മു­ന്മാ­ദ­ല­ഹ­രി­യായി
തിന്നും കുടിച്ചും തിമിർത്തു­മൊ­ന്നായ്‌ ഞങ്ങൾ
നാഥൻ ശയി­ക്കു­ന്നി­ട­ത്തു­മെ­ത്തി.
ദിക്കു­കൾ സ്തബ്ധ­മായ്‌, ഞങ്ങൾ വീണു
കാണു­വാ­നാ­വാ­തെ­യ­സ്ത­മിച്ചു
`മാറ്റി­യൊ­ര­വ­യവം ശിര­സ്സാണു കൂട്ട­രേ...`
-ക­ണ്ണില്ലാത്തോരും കര­ഞ്ഞു­ടഞ്ഞു
ഒരു കബ­ന്ധ­ത്തിന്റെ
വിഗ്രഹം പൂജിച്ചു
കഴി­യുന്നു ഞങ്ങൾ
സനാ­ഥ­രായി!