Sunday, October 3, 2010

കാല പുരുഷന്റെ ആട്ടം


janaki

മണ്ണിൽ പൊടുന്നനെ യുണ്ടായ ഒരു പൊട്ടി പിളർപ്പിലൂടെ അവൾ വീണ്ടും ഭൂമിയുടെ പരപ്പിലേയ്ക്കു തെറിച്ചു വീണു..അഗ്നിശുദ്ധി വരുത്തിയ ദേഹത്തും വസ്ത്രങ്ങളിലും..അമ്മയുടെ സ്നേഹം പുരണ്ടിരുന്നു. മലർന്നു കിടന്ന് യുഗങ്ങൾക്കൊപ്പം മാറിയവെളിച്ചത്തിന്റെ തീവ്രതയിലേയ്ക്ക് അവളുടെ കണ്ണുകൾ വേദനിച്ചു തുറന്നു…

‘ത്രേതായുഗത്തിലേയ്ക്ക് എത്തി നോക്കുമ്പോൾ കലപ്പ തട്ടി മിഴിച്ച കണ്ണുകൾക്ക് ഇത്ര നോവുണ്ടായിരുന്നില്ല..അന്നത്തെ അത്ഭുതവും സന്തോഷവും കലർന്ന അനേക ഭാവങ്ങളുടെ ഇടയിലേയ്ക്കല്ല ഇപ്പോൾ വന്നിരിക്കുന്നത് ‘

അൽ‌പ്പമകലെ വിജനമായ കടൽ ഉപ്പുകാറ്റു കൊണ്ട് തൊട്ടു വിളിച്ചു.. തീരവുംവിജനമാണ്….ആര്.? സീതയോ വീണ്ടും….?! എന്ന് തിരിഞ്ഞു നോക്കി ആരും കടന്നു പോകുന്നില്ല…

അയോദ്ധ്യ എത്ര അകലെയാണ്…വസ്ത്രഞ്ചലം ഇഴച്ചു നടക്കുമ്പോൾ അവൾ ആലോചിച്ചു അത് സീത വെറുക്കുന്നിടമാണ്..പക്ഷെ ഇപ്പൊൾ മുന്നിൽ രാമപാദമുദ്രകൾ പതിഞ്ഞ രാമസേതു കടൽ മൂടി കിടപ്പുണ്ട്….അശോകവനവും, ലങ്കാതീരവും..പുറകിൽ മറയുമ്പോൾ ചേർന്നുനിന്ന് രാമഗന്ധം ശ്വസിച്ചു കടന്ന കൽച്ചിറ ശരിക്കൊന്നു നോക്കി കാണുവാൻ അന്നു മറന്നു പോയിരുന്നൊ..!? കാരണം…ആ യാത്രയിൽ പുനസമാഗമത്തിന്റെ ആവേശവും.,ആർത്തിയും അണയാൻ പോകുന്ന തീനാളമായി ജ്വലിച്ചു നിൽക്കുകയായിരുന്നു..

ദൈവാംശമുള്ളവൻ സ്വയം മറന്ന് വെറും മനുഷ്യനും..,വെറും പുരുഷനുമായി മാറുന്നത് താൻ കണ്ടിടത്തോളം മറ്റാരുകണ്ടു…?


സീതയുടെ മുഖത്ത് പുച്ഛം വില്ലു കുലച്ചു നിന്നു.

“ രാമാ…നീ എവിടെയാണ്…” സീത ഉറക്കെ തിരകളിലേയ്ക്ക് വിളിച്ചു ചോദിച്ചു

“വന്നു നോക്കു..ഇത് മജ്ജയും .മംസവും,ജീവനുമുള്ള സീതയാണ്.. കഞ്ചനമല്ല….സീത അന്നുമുണ്ട്…ഇന്നുമുണ്ട്…ചോദ്യം ചെയ്യപ്പെടാത്ത അസ്തിത്വവുമായി തന്നെ..”

ദ്രുക്പഥങ്ങളിൽ സമുദ്രം മാത്രമാണ്…തിരകൾ പറയിൽ തകർന്നു തെറിച്ചൊരു തുള്ളി വരണ്ട ചുണ്ടിൽ വീണു..ദിനരാത്രങ്ങളോളം ലങ്കയിലേയ്ക്ക്

അണ കെട്ടിയ ശരീരങ്ങളുടെ ശ്രമജലം അവൽക്കു രുചിച്ചു..യുഗങ്ങൾക്കിപ്പുറം രാമസേതു സാക്ഷ്യപ്പെടുത്താനൊന്നുമില്ലാതെ നിസ്സഹായമായി മറഞ്ഞിരിക്കുന്നു ..ഉണ്ടെങ്കിൽ തന്നെ…” രാമാ……സീത അഴിച്ചിട്ട മുടിയിളക്കി ചിരിച്ചു.. ”നീയുണ്ടായിരുന്നോ എന്നതിനാണ് ഇപ്പോൾ സാക്ഷ്യപത്രങ്ങളില്ലാത്തത്….”

കടൽ വെള്ളത്തിലേയ്ക്ക് കൊലുസൊഴിഞ്ഞ പാദമെടുത്ത് വയ്ക്കുമ്പോൾ ചുമലിൽ..,പുറകിൽ നിന്നും വിറയ്ക്കുന്ന കൈകൾ പതിഞ്ഞ തിരിച്ചറിവിൽ സീത തിരിഞ്ഞു നോക്കി,

കാത്തിരിപ്പിന്റെ ആഴങ്ങളിലേയ്ക്കാണ്ടു കുഴിഞ്ഞ്,തടങ്ങളിൽ നിരാശയുടെ കറുപ്പു പടർന്ന കണ്ണുകളോടെ..,മോക്ഷം ശാപമായേറ്റു വാ‍ങ്ങി മഹിഷി ചിരിച്ചു നിന്നു

“ സീതേ..തഴയപ്പെട്ട നിന്റേയും.,ശപിക്കപ്പെട്ട എന്റെയും കണ്ണുനീരിന്റെ ഉപ്പ്,ഈ കടലിന് ആവശ്യമുണ്ടെന്നു തോന്നുന്നില്ല..മുജ്ജന്മ പാപങ്ങളെന്തൊക്കെയോ ഉണ്ടായിരുന്നു..ശാപങ്ങളേൽക്കാത്ത ജന്മങ്ങളെല്ലാം ക്രതയുഗത്തിൽ തന്നെ തുടങ്ങിയൊടുങ്ങിയല്ലൊ…

സീത പുറം കൈ കൊതടഞ്ഞു..”ക്രതയുഗമോ.?പാപപങ്കിലമായ മനുഷ്യ ജന്മങ്ങൾ,കുറ്റബോധം കൊണ്ട് നീറി…സ്വയം ആശ്വസിക്കാൻ.., ‘ഉണ്ടായിരുന്നു’ എന്ന് സങ്കൽ‌പ്പിച്ചെടുത്ത മായായുഗം മാത്രമാണത്..

മഹിഷിയുടെ കറുത്ത വസ്ത്രങ്ങളിൽ നിന്നും .., ഭസ്മവും ,കർപൂരവും,നെയ്യും കൂടികലർന്ന ഗന്ധം ശ്വസിച്ച് സീത അവളെ അടിമുടി വീക്ഷിച്ച് ചോദിച്ചു…

“കറുപ്പ് ദുഖത്തിന്റെ നിറം മാത്രമല്ല മാളികപ്പുറത്തിന് അല്ലെ..?

“അല്ല ചതിയുടേതും കൂടിയാ‍ണ് സീതേ….“: അനേകം ശരങ്ങൾ കൊത്തിയ മനസ്സിലെ വടുക്കളിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങിയത് മഹിഷി സ്വയം തടഞ്ഞു..

“മഹിഷീ..വിഡ്ഡിയാണു നീ…കന്നി അയ്യപ്പന്മാർ വരാതിരിക്കാൻ ജനനമില്ലതാവണം..,മോഹമില്ലാതാവണം….,കാമമില്ലാതാവണം.അറിയുമോ.?അനുഗ്രഹത്തിനുള്ളിലെ പടുകുഴിയിലേയ്ക്ക് എടുത്തു ചാടിയ നീ എന്നേക്കാൾ വിഡ്ഡിയാണ്..”

“കാത്തിരിപ്പ് കമിതാവിനു വേണ്ടിയോ,ഭർത്താവിനു വേണ്ടിയോ.. ഏതായാലും ഒന്നിനൊന്നു മുകളിലാണ്..ലക്ഷ്മണനു വേണ്ടി ഓരോ രാത്രിയിലും ആയിരം വട്ടം ഊർമ്മിള നിന്നെ ശപിച്ചിട്ടുണ്ടാകും..അവൾക്കതിനു തീർച്ചയായും കഴിഞ്ഞിരിക്കും..കാരണം മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്നവരിൽ നിന്നും മുഖം തിരിച്ചു പിടിച്ച് ശാപവാക്കുകൾ ഉരുവിടാൻ എനിക്കു കഴിയുന്നു…”

“ഉവ്വോ…”ഒരു നിമിഷം സീതയ്ക്കു അവിശ്വസനീയതയുണ്ടായി…

“ശരം കുത്തിയാൽ വരെ ചെന്ന് ബോധിച്ച് പരിഹാസ്യയായി തിരിച്ചു പോരാൻ ഞാൻ ഇനി ഒരുങ്ങുന്നില്ല..രോമങ്ങൾ മുറ്റിയ പുരുഷ ശരീരങ്ങളേയും..നിഷ്കളങ്കരായ കുഞ്ഞുങ്ങളേയും…വയസ്സരേയും കണ്ടു മടുത്തു. സ്വപ്നങ്ങളും..നിഗൂഡ സങ്കൽ‌പ്പങ്ങളും നിറച്ച കണ്ണുകളോടെ യുവതികൾ മലകയറി വരുമെന്നു ഞാൻ പ്രതീക്ഷിച്ചു..അയ്യപ്പസന്നിധിയെലേയ്ക്കല്ല സഫലമാകാതെ പോയ പ്രണയ സ്മാരകത്തിലേയ്ക്ക്….”

മഹിഷിപറഞ്ഞു നിർത്തിയിട്ട് നിഷേധമാർന്ന് തലയാട്ടി.. “പക്ഷേ…ആട്ടിയോടിക്കപ്പെടുകയാണ്…ആദ്യം പുറത്തു പോകേണ്ടതു ഞാനായിരുന്നു..ഒരു പാടു വൈകി…”

വരണ്ട കൈകൾ കൊണ്ട് സീത, മഹിഷിയെ തലോടി..ഒരു യുഗത്തിന്റെ മുഴുവൻ സാന്ത്വനവുമേറ്റ് മഹിഷി കടൽ തീരത്ത് കുത്തിയിരുന്നു..

“എങ്ങോട്ടാണു പോകേണ്ടത്… വരു…എന്റെ കൈ പിടിയ്ക്കൂ.” സീത കൈ നീട്ടി..

“ഇനിയും ഭൂമിയുടെ പിളർപ്പിലേയ്ക്കു തള്ളിയിടാൻ യുഗങ്ങൾ കടന്ന് ആരാണു വരാനുള്ളത്….പിന്നെ രാമൻ..! സ്വയം തിരഞ്ഞു തിരഞ്ഞ് ഉണ്ടായിരുന്നോ.,ഇല്ലായിരുന്നോ.എന്ന കുറെ സംശയാനുകൂല്യങ്ങളിലേയ്ക്ക് അദ്ദേഹം തന്നെ പിളർന്ന് താണു പോയിരിക്കുന്നു..”

“രാമനു വേണ്ടി എന്തു കൊണ്ടു നീ കരയുന്നില്ല..?

“അദ്ദേഹത്തിനു വേണ്ടി എന്റെ കണ്ണുനീർ ലങ്കയെ നനച്ചിറങ്ങി ത്രികൂടത്തെ സ്പർശിച്ചതാണ്..അത്രയും ധാരാളം…വരൂ…”

വിരലുകൾ കോർത്ത് തിരകളെ മുട്ടി നടക്കുമ്പോൾ മഹിഷി സ്വയം ചോദിച്ചു …..എവിടേയ്ക്കാണ്….?എത്ര ദൂരം….?

ലോകത്തിന്റെ അറ്റത്തേയ്ക്ക് കാഴ്ചയെ മുട്ടിച്ചു കൊണ്ട് സീത മഹിഷിയുടെ മനസ്സിനു മറുപടി കൊടുത്തു

“കലിയുഗമല്ലേ….കാലപുരുഷന്റെ ആട്ടം കഴിയുന്നതു വരെ നമുക്കു നടക്കാം….അത്രയും ദൂരം……..”