manampur rajan babu
തുന്നിയും വിണ്ടും മുഷിഞ്ഞ ദുഃഖത്തിന്റെ
തുഞ്ചത്തു നിന്നാണെഴുത്തു തുടങ്ങുന്നു
തുകിൽ മാറിടുന്ന പോൽ കൊഴിയുമായുസ്സിന്റെ
ക്ഷണികതയിൽ നിന്നേ പിറക്കുന്നു വാക്കുകൾ....
വർണ്ണാഭ യാതൊന്നുമില്ല
നിശ്ശബ്ദത
ഖിന്നത
ദുരന്തങ്ങ-
ളഖിലം ദയാസ്പദം...
ഇതു ചിത,
ചിദാകാശമെന്നു പറയുമ്പോഴും
പിടയുന്ന ചിന്ത തൻ മസ്തിഷ്കധൂളികൾ....
കൊക്കും ചിറകും വിടർത്തിപ്പറക്കുന്ന
ദുഃഖത്തെയെത്രനാൾ നെഞ്ചത്തു പൂട്ടുവാൻ?
സുഫലയായ്, സ്നേഹസന്നദ്ധയാ, യാഹ്ളാദ-
ഭരിതയായ് വേൾക്കുവാൻ വന്നവൾ മടങ്ങുകിൽ
അതു വരും കൂടും കുടുംബവും ഭേദിച്ചു
കുലമഹിമ തെറ്റിച്ചു കൂകിയാർത്തുറയുവാൻ
തലമുറത്തെയ്യങ്ങൾ
തോറ്റങ്ങൾ
തേറ്റകൾ
പലമട്ടു കൂട്ടകൾ ചെറ്റകൾ, ചെടിപ്പുകൾ
വെടിപറഞ്ഞുമ്മറക്കോലായിലൊക്കെയും
ബീഡിത്തലപ്പുകൾ, താംബൂലബാക്കികൾ
അതുകളിൽ വീണും കുതിർന്നും പിടഞ്ഞെണീ-
റ്റലറിയും വാവിട്ടു നിലവിളിക്കാതെയും
ദുരിതം കൊറിച്ചും കുടിക്കാൻ വിഷാദവും
കൂട്ടിന്നു ശൂന്യത, പിളരുമാത്മാവുമായ്
തുന്നിയും വീണ്ടും മുഷിഞ്ഞ ദുഃഖത്തിന്റെ
തുഞ്ചത്തു വീണു മുളയ്ക്കുന്നു വാക്കുകൾ
തുകിൽ മാറിടുന്നപോൽ കൊഴിയുമായുസ്സിന്റെ
ക്ഷണികതയിൽ നിന്നേ പിറക്കുന്നു വാക്കുകൾ!