Saturday, October 2, 2010

ചാവികൊടുത്ത്‌ നൃത്തമാടിച്ച പാവ



padma das

ബാല്യം അഭിരമിച്ചതു
കൊത്താങ്കല്ലിലും പൂത്താങ്കിരിയിലും
മയിൽപ്പീലി പ്രസവത്തിലും
കൗമാരം
ഗന്ധർവ്വമോഹങ്ങളിൽ
ദാമ്പത്യം വിരുന്നു വിളിച്ചതു
പതിനേഴിന്റെ പടിവാതിൽക്കൽ
ഈറൻ സ്വപ്നങ്ങളെ
തെക്കിനിയിലെ അയയിൽ
ഉണക്കാനിട്ടാണ്‌
അവൻ അതിനു പിറകേ പോയത്‌
കുഞ്ഞുൽപാദനയന്ത്രമായാലും
അലക്കുകല്ലും അരകല്ലായുമാണ്‌
യൗവ്വനം തേഞ്ഞരഞ്ഞ്‌
മധ്യവയസ്സിന്‌ വഴിമാറിയത്‌
വാർദ്ധക്യത്തിന്റെ സമ്മാനമായിരുന്നു
സമ്പൂർണ്ണ പരിചാരികാ പട്ടം
ഇനിയും ചാവികൊടുത്ത്‌
ആരും മുറുക്കാനിന്ന് വന്നപ്പോഴാണ്‌
തനിയെ നൃത്തമാടാനുള്ള
തന്റെ കഴിവില്ലായ്മ
അവൾ തിരിച്ചറിഞ്ഞത്‌.