rajesh chithira
കാഞ്ഞിരമുട്ടി തിന്നു
ചെമ്പുരുളികള്‍ ചുവന്നു.
ഉള്ളില്‍ മുറികൂടാനാകാതെ
കപ്പക്കഷണങ്ങള്‍ വെള്ളത്തിളപ്പു തൊട്ട്
അലറിക്കരഞ്ഞു തളര്‍ന്നു.
പനമ്പായയില്‍ തെക്കെപറമ്പിലെ
തവിട്ടുമണ്ണ് പോളയിളകിച്ചിതറി
ഇലയിളക്കിയ തണ്ടുകള്‍
ഇണചേര്‍ക്കുന്നുണ്ട്,ആയിച്ചന്‍.
വെളിച്ചത്തില്‍ നിന്നകന്ന് പെണ്ണിരുളുകള്‍
കാറ്റില്‍ ഉണക്കവാഴയിലപോലെയിളകി.
അദ്രുമാനും ആയിഷയും
കല്‍ക്കണ്ട്ക്കനി കല്‍ക്കട്ടയും
വന്നുപോവുന്നുണ്ടിടയ്ക്ക്
കുംഭക്കാര്ത്തികയിരുട്ടില്‍ മെയ്യളവു
പരതിയ കയ്യില്‍ ഇക്കിളിപ്പെടുന്നുണ്ട്;ചിരുത.
നിലാവില്‍ ചിരുതയും തേയിയും
റാന്തല്‍ വിളക്കിനെക്കാള്‍ വെട്ടം വച്ചു,
വെടിവട്ടം ചിതറുന്ന
ആണ്‍കൂട്ടങ്ങള്‍ക്കിടയില്‍ ഉലുവാമണം.
സ്റ്റീല്‍ പിഞ്ഞാണങ്ങളില്‍,
വെളുമ്പിയും,കറമ്പിയും
കാപ്പിമണം പൊങ്ങുന്ന ഉടലുചുറ്റല്‍.
ചാണകമെഴുപ്പില്‍
തെക്കെ മുറ്റത്തെ കാന്താരി,
കോമാടന്‍ തെളിയെണ്ണയില്‍ മുങ്ങാംകുഴിയിട്ടു:
താഴെപാടത്തെ ചേമ്പും കാച്ചിലും
വട്ടയില പുതച്ച വേവ്,
ഈറവട്ടികളില്‍ വീടുകളിലേക്കുള്ള
വഴി കാത്തിരിക്കുന്നുണ്ട്.
നിലാവില്‍ പോലും മീശതെളിയാത്ത
മൈനര്‍ പയ്യന്മാരാണ്,
വായ പോയ പിച്ചാത്തിയില്‍
മണ്ണിന്‍ പുതപ്പുനീക്കി കപ്പയെ
തെളിനീരില്‍ കുളിപ്പിക്കുന്നത്.
പരമുവിന്റെ കുന്തിച്ചിരിക്കുന്ന
കടത്തട്ടി കുടചൂടി
നെഞ്ചിലെക്കാദ്യ-
പുകത്തീവണ്ടി ചൂളം കുത്തിക്കും.
ചുളുങ്ങിപ്പൊയ ഇലഞ്ഞിപൂമെത്തയില്‍
ആദ്യവിരല്‍ പാടുകളുടെയിക്കിളി-
പ്പുതപ്പിന്‍ വിടവിലൂടാണ് ഉണര്‍വ്വെത്തിയത്
നിലാവു പാതി ചാരിനില്‍ക്കുന്ന
ആഞ്ഞിലിമരചില്ലയ്ക്കപ്പുറം
വിജനതയുടെ വിരിപ്പിട്ട
വഴിവേഗമെത്തിച്ചത്
കുന്നിന്‍പുറത്തെ സുറിയാനി സെമിത്തേരി.
ഉണര്‍ന്നിരിക്കുന്ന നിങ്ങളെന്നേ
ഉറങ്ങിപ്പോയവര്‍
ആകാശത്തേക്ക് കൈചൂണ്ടി
അടക്കം പറയുന്നുണ്ട്
മുറിക്കയ്യന്‍ കരിങ്കല്‍ക്കുറ്റികള്‍.
.