Saturday, October 2, 2010

യദുകാണ്ഡം


r manu

(രാധാകൃഷ്ണന്മാർ പ്രണയസാന്ത്വനങ്ങളുടെ പരസ്പരാശ്വാസങ്ങളാണ്‌. ആധുനിക ഫെമിനിസം ദുർവ്യാഖ്യാനങ്ങളുടെ തീവ്രമായ ഭാഷയിലെത്തുമ്പോൾ അത്‌ അങ്ങനെയൊക്കെയല്ലാതെ കൂടുതൽ ജുഗുപ്സാവഹമായിത്തീരുന്നു)

കണ്ണനെവിട്ടു വേണു കവർന്നു
ചിലങ്കചുട്ടുമീ കാളിന്ദിയിൽ
കാർക്കിച്ചടിയൊഴുക്കിലുടയാടയൂരി
യറിഞ്ഞൊടുവിൽ രാധ തേങ്ങുന്നു.

കർക്കിടകക്കാറ്റു പെയ്യും മഴയിലീ
ക്കാഴ്ച മങ്ങിയ തിരകളിൽ
കാഴ്ചബംഗ്ലാവിലൊരു മൂല-
യിലാരോ മുരളിയൂതുന്നു.

വേണുകവർന്ന രാധയല്ല
നിശാസംഗീത രാപ്പാടിക്കൂട്ടങ്ങളല്ല
പിന്നെയാരാണതെന്തിനാണെന്നു-
റക്കെ ചോദിച്ച യാദവപ്രജകളലിയുന്നു.

കാട്ടുതീയൂതിപ്പിടിപ്പിച്ചു കാളിന്ദി വറ്റിച്ചു
കാർകൊണ്ട മുകിലുകൾ
കരിമഴയായ്‌ പെയ്തുതീരുന്നു
കഠിനാമാം വജ്രത്തിലീത്തെരുവിലെ
നെയ്ത്തുകാരന്റെ സൂചിതറയുന്നു
രാജവീഥി തന്റരികിലൊരു
യാദവൻ ഗോമാതമാംസം വിൽക്കുന്നു

രസനയിൽ രക്തരേണുക്കൾ കിനിയുന്നു
പൂതനാ മുലഞ്ഞെട്ടു മുളപൊന്തി
നന്ദന്റെ വസതിക്കു തണലായ്‌
തൊടിയിൽ ശ്വേതചെമ്പരത്തി-
പ്പൂവിൻ കുരുന്നുകൾ കരിവീണ
പനിനീരു പൂക്കളാകുന്നു

വാക്കുകൾ കൂനകൂടിയിരിക്കുന്ന
വാതിലിൻ പടികളിൽ
ബലഭദ്ര ഗദയോ
എലിതിന്നലങ്കാരപടമായ്‌

മച്ചിൻപുറത്തു നിന്നും
താളിയോലക്കൂട്ടങ്ങൾ കൂട്ടി-
യിട്ടെരിച്ചൊടുവിൽ ചൂടുകായുന്ന
രാധ പേപിടിച്ചലയുന്ന രാജന്റെ
ദുഷ്ചിത്രമോർത്തു തേങ്ങുന്നു.

രാജവീഥിയിൽ രാധ വിധവ-
യെപ്പോലന്തിച്ചു നിൽക്കുന്നു
കുപ്പിവളപ്പൊട്ടുകളിൽ
ചിതൽനാമ്പുകൾ നക്കുന്നു
ചന്ദ്രനൊരു ചീത്ത
കണ്ണുകൊണ്ടുറ്റുനോക്കുന്നു
കാവൽകുന്തമുനകളിൽ
കുഷ്ഠരേണുക്കൾ മാത്രം

ജന്മാന്തരദോഷവിദ്വേഷ
പർണ്ണശാലാതളങ്ങളിൽ
പാമ്പുകൾ പിണയുന്ന
പിന്നാമ്പുറങ്ങളിൽ
പാപങ്ങൾ കുമ്പസാര-
ക്കൂട്ടിലൂതിയുരുക്കുന്ന പോലെ
യദുനാഥനെരിയുന്ന
മനസ്സിന്റെയഗ്നികുണ്ഠങ്ങളിൽ
കണ്ണുനീരിറ്റുവീഴ്ത്തി-
ശ്ശാന്തമീ നിദ്രയെപ്പുൽകുന്നു....

ആലിലത്തുഞ്ചത്തുനിന്നൂർ-
ന്നിറങ്ങുന്നു വേണുനാദം
വേടന്റെ ഞാണൊലിയെങ്ങോ മറഞ്ഞു
പിന്നെയാരാണതെന്തിനാണെന്നുറക്കെ
ച്ചോദിച്ചയാദവപ്രജകളൂടുവഴികൾ തിരയുന്നു.