Saturday, October 2, 2010

പപ്പാ ജൽദി ലൗട്ടായേഗാv p ramesan


ഇത്‌ ബുണ്ഡേൽഖണ്ഡ്‌. പടയോട്ടങ്ങളും കുതിരകുളമ്പടികളും രഥചക്രങ്ങളുടെ സംഗീതവും വാൾ വീശലിന്റെ ഈശലുകളും കേട്ട്‌ പുളകം കൊണ്ട ഭൂമി. കൈബർ ചുരം വഴി ഇറങ്ങിവന്ന ആക്രമണകാരികളെ നേരിട്ട വീരന്മാരുടെ വിശ്രമഭൂമി. ബുണ്ഡേൽഖണ്ഡിന്റെ വിരിമാറിനകത്ത്‌ ധീരദേശാഭിമാനികളുടെ ആത്മാക്കൾ ചങ്കിടിച്ചു നിൽക്കുന്നു. മനുഷ്യനും പ്രകൃതിയും ചേർന്ന്‌ പാടിയ പാട്ടിൽ വിളഞ്ഞ ഗോതമ്പുമണികളും ഇന്ന്‌ വിസ്മൃതിയിലാണ്‌. ബുണ്ഡേൽഖണ്ഡിന്റെ മൺവീടുകൾ രണ്ടുവർഷമായി തുടരുന്ന കൊടുംവേനലിൽ പട്ടിണിയാണ്‌. മൺവീടുകളുടെ മേൽ വിതറിയ ഗോതമ്പ്‌ വൈക്കോൽ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. സൂര്യവെളിച്ചം ചെളിത്തറയിൽ വട്ടങ്ങളിട്ട്‌ മനോഹരമാക്കുമ്പോൾ മൺവീടുകളിലെ മനുഷ്യജന്മങ്ങൾ ഇരുട്ടിലാണ്‌. പതിനൊന്നുമണിയുടെ ചൂടിൽ കിഷൻചണ്ട്‌ മൺവീടിന്റെ ചെളി വരാന്തയിൽ കിടന്ന്‌ മയങ്ങുന്നു. ചെയ്യുവാനൊന്നുമില്ല. വീടിനുമുമ്പിലെ റെയിൽപാളത്തിലൂടെ ഡെൽഹിക്കും ജമ്മുതാവിയ്ക്കും പായുന്ന ട്രെയിനുകളുടെ ഇരമ്പലൊന്നും കിഷൻചന്ദിനെ ഉണർത്തുന്നില്ല. പാളത്തിനപ്പുറത്തെ എട്ട്‌ ബിഗ നിലം വിണ്ടു കീറി കിടക്കാൻ തുടങ്ങിയിട്ട്‌ രണ്ട്‌ വർഷം കഴിഞ്ഞു. അച്ഛൻ രാംപാലിന്റെ കാലത്ത്‌ വസന്തം നൃത്തമാടിയിരുന്ന നിലം തീയിൽ കിടന്നു ചുട്ടു പഴുക്കുന്നു.
കിഷൻചണ്ട്‌ ചരിത്രത്തിൽ പി.ജി.ക്കാരനാണ്‌. രാംപാലിന്റെ ഏകമകനെ കർഷകനായ അച്ഛൻ രാജനഗരമായ ഗ്വാളിയാറിൽ താമസിപ്പിച്ചു പഠിപ്പിച്ചു. ഉദ്യോഗസ്ഥനാവാൻ തന്നെയായിരുന്നു. പക്ഷെ കിഷൻചണ്ട്‌ വയലിന്റെ സംഗീതത്തെ പ്രണയിക്കുവാൻ തുടങ്ങിയിരുന്നു. കിളിയും വിതയും കൊയ്ത്തും യന്ത്രങ്ങളായപ്പോൾപ്പോലും ആ പ്രണയം പൊലിഞ്ഞില്ല. കിഷൻചണ്ട്‌ എന്ന ചരിത്രം പഠിച്ച പി.ജി.ക്കാരൻ കൃഷിക്കാരൻ. ഡൽഹിയിലെ പൃഥിരാജ്‌ ചൗഹാനെയും കനൗജിലെ സംയുക്ത രാജകുമാരിയെയും ത്ധാൻസിയിലെ റാണിലക്ഷ്മീഭായിയെയും പോലെ പ്രണയവും യുദ്ധവും കൊണ്ടുനടന്ന അവരോടുള്ള ആരാധനയ്ക്കൊപ്പം അയൽവാസിയായ മാധവസിംഗിന്റെ ഏകമകൾ അനുരാധയിലുള്ള തീവ്രപ്രണയത്താലുമായിരുന്നു കിഷൻചണ്ട്‌ കൃഷിക്കാരനായത്‌.
കിഷൻചന്ദിന്റെ സ്വപ്നങ്ങളിൽ ഹസ്തിനപുരിയിലെ ഹിന്ദുരാജാവായ പൃഥിരാജിന്റെ രാജഹംസങ്ങൾ കനൗജിൽ പറന്നിറങ്ങുന്നതും രാജകുമാരിയുടെ തോഴി ചകോരിയ്ക്ക്‌ പ്രണയ സന്ദേഹം നൽകുന്നതും മിഴിവുറ്റു നിൽക്കും. കനൗജിലെ രാജാവ്‌ ജയചന്ദ്രൻ ഗാന്ധാരത്തുനിന്ന്‌ മുഹമ്മദ്ഗോറിയെ വിളിച്ചുവരുത്തി പൃഥിരാജിനെയും കവി ചന്ദ്രവരദായിയെയും പിടികൂടി മുഹമ്മദ്ഗോറി കൈബർ ചുരം കടന്ന്‌ പായുന്നതും പ്രണയിനികളായ സംയുക്തയും ചകോരിയും വിലപിക്കുന്നതും വല്ലാതെ മനസ്സുലയ്ക്കാറുണ്ട്‌. കവി ചന്ദ്രവരദായിയുടെ കാമുകി ചകോരിയും പൃഥിരാജിന്റെ പ്രണയിനി സംയുക്തരാജകുമാരിയും അപായപ്പെടുന്നതും കിഷൻചണ്ട്‌ സ്വപ്നത്തിൽ ഭയത്തോടെ കാണും. ബുണ്ഡേൽഖണ്ഡിന്റെ സ്വാതന്ത്ര്യത്തിനായി പൊരുത്തിയ ദിവാൻ ശത്രുഘ്നൻ സിംഗ്‌ എന്ന ബുണ്ഡേൽഖണ്ഡ്‌ ഗാന്ധിയും കേസരിയും അദ്ദേഹത്തിന്റെ ഭാര്യ റാണി രാജേന്ദ്രകുമാരിയും ചരിത്രത്തിലിറങ്ങി നിൽക്കുമ്പോൾ കിഷൻചന്ദിനെ കോരിത്തരിപ്പിക്കും. ബ്രട്ടീഷ്‌ പട്ടാളത്തോട്‌ പന്ത്രണ്ടാം നാട്ടുപടയോടൊപ്പം മുൻ നിന്ന്‌ പൊരുതിമരിച്ച ത്ധാൻസിയിലെ ലക്ഷ്മീഭായി കിഷൻചന്ദിനെ ആവേശം കൊള്ളിക്കും. യമുനയുടെ തെക്കേ കരയിലെ ബുണ്ഡേൽഖണ്ഡിന്റെ സന്തതിയായ കിഷൻചണ്ട്‌ ഡൽഹി സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയിട്ടും പോവാതിരുന്നത്‌. അനുരാധയെപ്പോലെ ബുണ്ഡേൽഖണ്ഡിനെയും കിഷൻചണ്ട്‌ പ്രണയിച്ചിരുന്നു. രാംപാൽ ലോകം വെടിയുമ്പോൾ കിഷൻചണ്ട്‌ അനുരാധയെ ഭാര്യയാക്കി കഴിഞ്ഞിരുന്നു. അവർക്കുണ്ടായ ഏകമകൻ രൂപേഷ്‌ എൽ.കെ.ജിയിലാണ്‌ കൃഷിയിടത്തിൽ കണ്ണും തിരുമ്മി എഴുന്നേറ്റു പോവുന്ന കിഷൻചന്ദിനെ പിടിച്ചു കരയ്ക്കു കയറ്റുന്നത്‌ അനുരാധയാണ്‌. വയൽ വരമ്പത്തിരുന്ന്‌ കിഷൻചന്ദും അനുരാധയും ഭക്ഷണം കഴിക്കുമ്പോൾ നീർകാക്കകൾ ബാക്കി വറ്റുകൾക്കായി കാത്തിരിക്കും. യമുനയെപ്പോലെ മനോഹരമായി ഒഴുകിയ ബുണ്ഡേൽഖണ്ഡിന്റെ ജീവിതനദി വറ്റിയത്‌ യമുന ബുണ്ഡേൽഖണ്ഡിനെയുരുമ്മി നിന്നിടത്ത്‌ നേർത്തു നേർത്തു വന്നപ്പോഴാണ്‌. യമുന ചാലാവുന്തോറും ബുണ്ഡേൽഖണ്ഡ്‌ വരണ്ടു വന്നു. അവിടെ ജീവിതങ്ങൾ വരണ്ടു. കിഷൻചന്ദിന്റെ സ്വപ്നങ്ങൾ വാടി. പിന്നെ കരഞ്ഞു. കിഷൻചണ്ട്‌ പിടിച്ചുനിന്നു. അനുരാധയുടെയും രൂപേഷിന്റെയും മുഖമണച്ചു കിടന്നു. ബുണ്ഡേൽഖണ്ഡിൽ കൃഷിയിടങ്ങൾ പലിശക്കാർ കൊണ്ടുപോയി. കർഷകർ ആത്മഹത്യ ചെയ്തു. മനുഷ്യർ തീവണ്ടിയാഫീസുകളിൽ തിക്കി തിരക്കി കയറി ഡൽഹിയിലെ തെരുവിലേയ്ക്കിറങ്ങി. കിഷൻചന്ദിന്റെ പാതിമയക്കത്തിലെ സ്വപ്ന-ജാഗ്രതാ അവസ്ഥകളിൽ തെളിയുന്നതൊക്കെ സങ്കടമാണ്‌. ഉച്ചയായിട്ടും ഉറങ്ങുന്ന കിഷൻചന്ദിനെ അനുരാധ അരുകിലിരുന്നു കുലുക്കി വിളിച്ചു.
"ദേ, എണീക്കുന്നേ. എന്തുറക്കവാ. ഭക്ഷണം കഴിക്കേണ്ടേ?" കണ്ണു തുറന്നു നോക്കുമ്പോൾ കിഷൻചണ്ട്‌ അനുരാധയുടെ കയ്യിലെ പാത്രത്തിലേയ്ക്ക്‌ നോക്കി.
"ഇതെവിടുന്നാ?"
"കുറച്ചു ചോളം കുൽസും ബീവി തന്നതാ."
കിഷൻചണ്ട്‌ ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു. നല്ല വിശപ്പുണ്ട്‌. അനുരാധയും രൂപേഷും കഴിച്ചുവോ എന്നു ചോദിക്കാതെ കിഷൻചണ്ട്‌ കിഴക്ക്‌ നോക്കിയിരുന്നു. അടുത്തു ചേർന്നിരുന്ന അനുരാധയുടെ ഇളംചൂട്‌ ശരീരത്തിലേയ്ക്ക്‌ പ്രവഹിക്കുന്നു.
"ഞാൻ വൈകുന്നേരം ത്ധാൻസി-ഡൽഹി എക്സ്പ്രസ്സിൽ ഡൽഹിക്കു പോവുന്നു. ഒപ്പം പഠിച്ച ഷമീർ ഡൽഹിയിൽ കമ്പനി ജോലിക്കാരനാണ്‌. ചെല്ലാൻ പറഞ്ഞിട്ടുണ്ട്‌. നിലം ഏതായാലും ഹീരാഭായി ജപ്തി ചെയ്യും. പിന്നെ അത്‌ കിട്ടിയിട്ടും കാര്യമില്ലല്ലോ? അയാൾ കൊണ്ടുപോകട്ടെ." കിഷൻചണ്ട്‌ ഇങ്ങനെ പറയുമ്പോൾ അനുരാധ അമ്പരന്നു. ഒന്നും ആലോചിക്കാതെ പെട്ടെന്ന്‌ അങ്ങനെ തീരുമാനിക്കുന്ന ആളല്ല കിഷൻചണ്ട്‌. അനുരാധയെ കൂടാതെ സ്വയം തീരുമാനിക്കുന്ന പതിവില്ല. കിഷൻചണ്ട്‌ പതിവ്‌ വിടുന്നു എന്ന്‌ അനുരാധ സങ്കടത്തോടെ മനസ്സിലാക്കി.
"അപ്പോൾ ഞാനും മോനും എന്തുചെയ്യും?"
അനുരാധ കിഷൻചന്ദിന്റെ മുഖം തിരിച്ചു പിടിച്ചു ചോദിക്കുമ്പോൾ അവൻ പറഞ്ഞു.
"തൽക്കാലം നിന്റെ വീട്ടിൽ പോയി നിൽക്കു. ഞാൻ അവിടെ ചെന്ന്‌ കാര്യങ്ങളൊക്കെ ഒന്നു ശരിയാവട്ടെ. എന്നിട്ട്‌ തീരുമാനിക്കാം."
നാലുമണിയായപ്പോൾ കിഷൻചണ്ട്‌ റെഡിയായി. റെഡിയാവാൻ ഒന്നുമില്ല. ഒരു ഹാന്റ്‌ ബാഗ്‌ മാത്രം. കാത്തുനിൽക്കുന്നത്‌ അനുരാധ സ്കൂളിൽ നിന്നും കൂട്ടിവരുന്ന രൂപേഷിനെ കണ്ട്‌ യാത്ര പറയാൻ. കിഷൻചന്ദിന്റെ മനസ്സിൽ ഒരു കടൽ അലറുകയാണ്‌. കടൽമൂളുന്നത്‌ ഭയത്തോടെ കേൾക്കുകയാണ്‌ അവൻ. അവൻ വിട പറയുകയാണെന്ന്‌ അവന്‌ മാത്രമേ അറിയൂ. പ്രാണന്റെ പ്രാണനായ അനുരാധയും രൂപേഷും ഒന്നുമറിയുന്നില്ല. റെയിൽപാളത്തിനപ്പുറത്ത്‌ പോവുന്ന വെയിലിൽ കിടന്നു മയങ്ങുന്ന തന്റെ എട്ടു ബിഗനിലം മനം കുളിർക്കെ കണ്ടുനിൽക്കുമ്പോൾ ഒരു വിളി.
"അച്ഛാ. എവിടെ പോവ്വാ. അമ്മ പറഞ്ഞു അച്ഛൻ പോവുന്നെന്ന്‌. അമ്മേം എന്നേം എന്താ കൂട്ടാത്തെ അച്ഛാ".
കിഷൻചണ്ട്‌ മകനെ വാരിപ്പുണർന്നു. ഒരവസാനപുണരലെന്നപോലെ. മുത്തമിട്ടു ഇരുകവിളുകളിലും.
"മോനെ, അച്ഛൻ ഡൽഹിയിൽ പോവുകയാണ്‌. ജോലി വേണ്ടേ? അച്ഛനവിടെ ജോലി ശരിയായി. മോൻ കരയരുത്‌. അച്ഛൻ ഡൽഹിയിൽ ചെന്നു വിളിക്കാം. കണ്ണീരു പൊടിഞ്ഞു നിൽക്കുകയാണ്‌ അനുരാധ. അവളെ ചേർത്തു പിടിച്ച്‌ രൂപേഷിനെ മറുകയ്യിലെടുത്ത്‌ കിഷൻചണ്ട്‌ നടക്കുകയാണ്‌. റെയിൽപാളത്തിലേയ്ക്ക്‌ കയറുമ്പോൾ മകനെ താഴെ നിറുത്തി ഉമ്മ വച്ചു. നിവർന്ന്‌ അനുരാധയെ പുണർന്ന്‌ ചുംബിക്കുമ്പോൾ അവൾക്ക്‌ വല്ലാതെ പൊള്ളി.
പാളത്തിലൂടെ നടന്നുപോകുന്ന കിഷൻചന്ദിനെ മറയുംവരെ നോക്കി നിന്നു അനുരാധയും രൂപേഷും.
ത്ധാൻസി-ഡൽഹി എക്സ്പ്രസ്സിൽ ജനറൽ കംപാർട്ട്‌മന്റിൽ കയറിനിന്നു കിഷൻചണ്ട്‌. താൻ പോകുന്നത്‌ എന്തിനാണെന്ന്‌ കിഷൻചന്ദിനു മാത്രമറിയാം. ബുണ്ഡേൽഖണ്ഡിൽ കർഷകർ ആത്മഹത്യ ചെയ്യുന്നതിനാൽ അധികൃതർ നാണക്കേട്‌ മറയ്ക്കാൻ കീടനാശിനിയും മറ്റും നിരോധിച്ചു. ഗതികെട്ട കർഷകർ മരണത്തെ വരിച്ചതു ഹെയർഡൈ കഴിച്ചാണ്‌. ബുണ്ഡേൽഖണ്ഡിൽ ഹെയർഡൈ ഇപ്പോൾ നിരോധിച്ചു. കിഷൻചന്ദിന്‌ ഹെയർഡൈയുടെ രണ്ട്‌ പാക്കറ്റ്‌ വേണം. അത്‌ ഡൽഹിയിൽ കിട്ടും. അതിനാണ്‌ കിഷൻചണ്ട്‌ ഡൽഹിയിൽ പോകുന്നത്‌. ത്ധാൻസിയിൽനിന്ന്‌ ഡൽഹിക്ക്‌ 12 മണിക്കൂർ യാത്രയാണ്‌. രാവിലെ നാലിന്‌ ഡൽഹിയിൽ. കിഷൻചണ്ട്‌ രാത്രിയായപ്പോൾ കംപാർട്ടുമന്റിന്റെ നിലത്തിരുന്നു. ഉറക്കം വരുന്നില്ല. കംപാർട്ടുമന്റിൽ തിരക്കും കുറവാണ്‌. ആളുകൾ ഉറക്കം തൂങ്ങുകയും കിടന്നുറങ്ങുകയും ചെയ്യുന്നു.
ഇടയ്ക്കെന്നോ കിഷൻചണ്ട്‌ ചരിഞ്ഞു കിടന്നു. കണ്ണിൽ കുത്തുന്ന പ്ലാറ്റ്ഫോം വെളിച്ചവും യന്ത്രമണിയുടെ മുഴക്കവും കേട്ടുണരുമ്പോൾ ഡൽഹിയാണെന്ന്‌ മനസ്സിലായി. ആളുകൾ ഇറങ്ങി തുടങ്ങി. ആളുകൾ ഒഴിഞ്ഞപ്പോൾ കിഷൻചണ്ട്‌ എഴുന്നേറ്റു. റെയിൽവേ കാന്റീനിൽ നിന്ന്‌ നാസ്താ കഴിച്ചു. ഇനി ഇതേ വണ്ടിതന്നെ വൈകിയിട്ടാണ്‌. അടുത്ത ദിവസം വെളുപ്പിന്‌ നാലിന്‌ ഝാൻസിയിലെത്തും. അതുവരെ എങ്ങും പോവാനില്ല. ജീവിച്ചിരിക്കുമ്പോഴുള്ള അവസാനത്തെ ഉറക്കം സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലിക്കാം. കിഷൻചണ്ട്‌ മനസ്സിൽ പറഞ്ഞു. റെയിൽവേ സ്റ്റാളിൽനിന്ന്‌ നാല്‌ പാക്കറ്റ്‌ ഹെയർഡൈ വാങ്ങി ഹാന്റ്‌ ബാഗിലാക്കി. നാല്‌ രൂപ. ബാഗ്‌ തലയ്ക്കൽ വച്ച്‌ കിഷൻചണ്ട്‌ ഉറങ്ങി. എല്ലാം മറന്ന്‌.
മൂന്നിന്‌ തന്നെ ഡൽഹി-ഝാൻസി വണ്ടി ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ പിടിച്ചിട്ടു. കിഷൻചണ്ട്‌ കയറിയിരുന്നു. സീറ്റ്‌ കിട്ടിയിരുന്നു. അവസാനത്തെ യാത്രയും സുഖപ്രദമായ കാഴ്ചകളും കണ്ണുനിറയെ മനസ്സുനിറയെ യാത്രയിലുടനീളം ആർത്തിയോടെ കണ്ടു. ഇരുട്ടിയപ്പോൾ സീറ്റിൽ ചാരിയിരുന്നു മയങ്ങി.
വെളുപ്പിന്‌ നാലിനുതന്നെ ട്രെയിൻ ഝാൻസിയിലെത്തി. കിഷൻചണ്ട്‌ രണ്ടുമണിയ്ക്കുതന്നെ ഉണർന്നിരുന്നു. വണ്ടിയിൽ നിന്നിറങ്ങി. അരണ്ട വെളിച്ചത്തിൽ ട്രാക്കിലൂടെ തന്നെ വടക്കോട്ടു നടന്നു. വീടിനു മുന്നിലെത്തി. ആളനക്കമില്ലാത്ത വീടിന്റെ വരാന്തയിൽ കയറിയിരുന്നു. നിമിഷങ്ങൾ കഴിയുമ്പോൾ കിഷൻചണ്ട്‌ റെയിൽപാളം കടന്ന്‌ തന്റെ ഹൃദയഭൂമിയായ കൃഷിക്കളത്തിൽ ചെന്നിരുന്നു. ഹാന്റ്‌ ബാഗിൽ നിന്ന്‌ രണ്ട്‌ പാക്കറ്റ്‌ ഹെയർഡൈ എടുത്ത്‌ പൊട്ടിച്ച്‌ ഒന്നൊന്നായി വായിലൊഴിച്ചു.
തല കറങ്ങുന്നതുപോലെ. പതുക്കെ മണ്ണിൽ ചേർന്നു കിടന്നു. ഭൂമി പിളർന്ന്‌ താൻ പോവുകയാണ്‌. അമ്മ ഭൂമിദേവി തന്നെ താങ്ങികൊണ്ടുപോവുന്നു. കിഷൻചണ്ട്‌ സ്വപ്നം കാണുന്നു. മരണവഴിയിലാണെന്നറിഞ്ഞു തന്നെ.
കാക്കകൾ വല്ലാതെ വട്ടമിട്ടു പറന്ന്‌ കരയുമ്പോൾ ഗ്രാമമുണർന്നു. പറക്കുന്ന കാക്കകൂട്ടങ്ങൾക്കു താഴെ ഭൂമിയിലേയ്ക്ക്‌ കണ്ണുകൾ പായിച്ച ഗ്രാമീണർ ഞെട്ടി. കിഷൻചണ്ട്‌ എന്ന കർഷകൻ ആത്മഹത്യ ചെയ്തിരിക്കുന്നു.
ഇൻക്വസ്റ്റ്‌ തയ്യാറാക്കി തഹ്സിൽ ഓഫീസർ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. തിരിയെ കൊണ്ടുവന്ന ജഡം കൃഷിക്കളത്തിൽ കുഴിയെടുത്തു മൂടാൻ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ മുതിരുമ്പോൾ രണ്ടു സ്ത്രീകളുടെ കയ്യിൽ തൂങ്ങി അനുരാധ അവസാന നോക്കിനായി വന്നു.
രൂപേഷ്‌ അച്ഛനെന്നു വരുമെന്ന്‌ അനുരാധയോട്‌ എന്നും ചോദിക്കുമ്പോൾ അവൾ മകൻ കാണാതെ നിന്നു കരയും. വീട്ടിൽ വരുന്നവരോട്‌ ഉത്സാഹത്തോടെ രൂപേഷ്‌ പറയും "പപ്പാ ഡൽഹി മേം ഹും, വോഹ്‌ ജൽദി ലൗട്ടായേഗാ." കേൾക്കുന്നവൻ ചങ്കുപൊടിഞ്ഞ്‌ കരയും. ഗ്രാമവും. അനുരാധ അകത്തുകയറി ഏങ്ങലടിക്കുന്നത്‌ രൂപേഷ്‌ കാണാറില്ല. കേൾക്കാറില്ല. അവൻ വടക്കോട്ട്‌ റെയിൽപാളത്തിലേയ്ക്ക്‌ നോക്കിയിരിക്കും. ഡൽഹി-ഝാൻസി എക്സ്പ്രസ്സ്‌ അവന്റെ വീടും കുലുക്കി പാഞ്ഞു വരുന്നതു കാണാൻ. അതിലവന്റെ പാപ്പാ ഉണ്ടെന്ന പ്രതീക്ഷ മുറ്റി നിൽക്കുന്ന കണ്ണുകളുമായ്‌. രൂപേഷ്‌ കാണുന്നവരോടൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. "പാപ്പാ ജൽദി ലൗട്ടായേഗാ."